ഏറനാടും വള്ളുവനാടും ഉൾപ്പെടുന്ന പൊന്നാനി. കടലുണ്ടിപ്പുഴ മുതൽ ഭാരതപ്പുഴവരെ, ഒരുകാലത്ത് ലോകത്തെ വിസ്മയിപ്പിച്ച മാമാങ്കത്തിന്റെ മണ്ണിൽ സ്ഥാനാർഥികൾ കച്ചമുറുക്കിക്കഴിഞ്ഞു.
സാമൂതിരിയും കുഞ്ഞാലി മരക്കാരും കടൽ കടന്നുള്ള വ്യാപാരവും മാമാങ്കവും പുരാതന ചരിത്രത്തിൽ പൊന്നാനിയെ അടയാളപ്പെടുത്തുമ്പോൾ വാഗൺ ട്രാജഡിയും മലബാർ ലഹളയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കെ കേളപ്പനും ഉൾപ്പെടെ ഈ മേഖലയുടെ രാഷ്ട്രീയപാരമ്പര്യത്തെ അടയാളപ്പെടുത്തുന്നു.
മുസ്ലീം ലീഗിന് മലപ്പുറത്ത് ഒരു കോട്ടയുണ്ടെങ്കിൽ അത് പൊന്നാനിയാണ്. പാർട്ടി ഉറച്ച് വിശ്വസിക്കുന്ന കാര്യമാണിത്. കഴിഞ്ഞ 47 വർഷമായി ലീഗിനെ മാത്രം തിരഞ്ഞെടുക്കുന്ന മണ്ഡലമാണിത്. ഇത്തവണ ഇടി മുഹമ്മദ് ബഷീറിന് പകരം അബ്ദുസമദ് സമദാനിയെയാണ് ലീഗ് ഇവിടെ ഇറക്കിയത്. മുൻ ലീഗ് നേതാവ് കെഎസ് ഹംസയെ തന്നെ രംഗത്തിറക്കിയാൽ ഇടതുപക്ഷത്തിന്റെ ഇത്തവണത്തെ പോരാട്ടം.
സിപിഎം ചിഹ്നത്തിൽ തന്നെ അദ്ദേഹം മത്സരിക്കുകയും ചെയ്യും. അതേസമയം പൊന്നാപുരം കോട്ടയാണെങ്കിലും ഇത്തവണ ആശങ്കകൾ ലീഗിനുണ്ട്. ഇടതുപക്ഷമാണെങ്കിൽ ചില കണക്കുകൂട്ടലുകളോടെയാണ് ഹംസയെ സ്ഥാനാർത്ഥിയാക്കിയത്. സമസ്തയുടെ പിന്തുണയാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. സർക്കാരുമായുള്ള നല്ല ബന്ധവും, സമസ്തയ്ക്കുള്ളിലെ ലീഗ് വിരുദ്ധതയുമെല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്.
അതുകൊണ്ടാണ് മുൻ ലീഗ് നേതാവിനെ തന്നെ ഇടതുപക്ഷം പൊന്നാനിയിൽ സ്ഥാനാർത്ഥിയാക്കിയത്. കേരളത്തിലെ മുസ്ലീങ്ങൾക്കിടയിലെ ഏറ്റവും വലിയ സാമുദായിക സംഘടനയാണ് സമസ്ത. മുസ്ലീം ലീഗിന്റെ പരമ്പരാഗത വോട്ടുബാങ്ക് കൂടിയാണിത്. ലീഗിന്റെ വമ്പൻ വിജയങ്ങൾക്ക് പിന്നിൽ എപ്പോഴും സമസ്തയെന്ന വലിയൊരു ശക്തിയുടെ സാന്നിധ്യമുണ്ടാവാറുണ്ടായിരുന്നു. പൊതുസ്വതന്ത്രൻ എന്ന സ്ഥിരം രീതി മാറ്റിയാണ് സിപിഎം ഹംസയെ പരീക്ഷിച്ചിരിക്കുന്നത്. ലീഗിലെ അസംതൃപ്തരെയാണ് ഇതിലൂടെ ഇടതുപക്ഷം ലക്ഷ്യമിടുന്നത്. പൗരത്വ നിയമം, ഏകീകൃത സിവിൽ കോഡ് അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനൊപ്പമായിരുന്നു സമസ്ത. കെഎസ് ഹംസ സമസ്തയുടെ സ്ഥാനാർത്ഥിയാണെന്ന സംസാരം പോലും മണ്ഡലത്തിലുണ്ട്. അത് മാത്രമല്ല നിയമസഭാ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് ലഭിച്ചിരിക്കുന്ന ഭൂരിപക്ഷവും മുന്നണിയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. പക്ഷേ ഇതുകൊണ്ടൊന്നും പൊന്നാനിയിൽ ലീഗിന് ആത്മവിശ്വാസ കുറവില്ല. ഇവിടെ വൻ മാർജിനിൽ തന്നെ വിജയിക്കുമെന്നാണ് പാർട്ടി കരുതുന്നത്. സർവസമ്മതനായ നേതാവാണ് സമദാനി എന്നതും ലീഗിന് പ്രതീക്ഷ പകരുന്നു. ലീഗിനെതിരെയുള്ള എല്ലാ എതിർപ്പുകളും സമദാനിയുടെ വ്യക്തിപ്രഭാവം കൊണ്ട് മറികടക്കാനാവുമെന്നും ലീഗ് കരുതുന്നുണ്ട്. തിരൂരങ്ങാട്, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലം. 1977 മുതൽ മണ്ഡലം ലീഗിന് സ്വന്തമാണ്. അതിന് മുമ്പ് സിപിഐ, സിപിഎമ്മുമെല്ലാം വിജയിച്ച മണ്ഡലമാണിത്. 1977 മുതൽ ജിഎം ബനാത്‌വാല തുടർച്ചയായി നാല് തവണ ഇവിടെ നിന്ന് വിജയിച്ചിരുന്നു. 1996 മുതൽ 2004 വരെ വീണ്ടും ഈ മണ്ഡലത്തിൽ ബനാത്‌വാല തന്നെ വിജയിച്ചിരുന്നു. പിന്നീട് ഇ അഹമ്മദും, കഴിഞ്ഞ മൂന്ന് തവണയായി ഇടി മുഹമ്മദ് ബഷീറാണ് ഇവിടെ നിന്ന് വിജയിച്ച് വരുന്നത്. 1,93273 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ഇടിക്ക് ലഭിച്ചത്. പിവി അൻവറിനെയായിരുന്നു പരാജയപ്പെടുത്തിയത്. 2014ൽ ഉണ്ടായിരുന്ന 25410 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്നായിരുന്നു ഈ കുതിപ്പ്. 2009ൽ 82684 വോട്ടിന്റെ ഭൂരിപക്ഷവും പൊന്നാനിയിൽ ഇടി നേടിയിരുന്നു.
പൊന്നാനിയിൽ നിന്നും മാറി മത്സരിക്കാനുള്ള ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യത്തിന് ഒടുവിൽ മുസ്ലിം ലീഗ് നേതൃത്വം പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. പൊന്നാനിയിൽ മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ സിപിഐഎം സ്ഥാനാർത്ഥിയാക്കിയത് പൊന്നാനി വിട്ട് മലപ്പുറത്തേയ്ക്ക് മാറാനുള്ള ഇടിയുടെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് വ്യക്തം. മുസ്ലിം ലീഗിലും സമസ്തയിലും ഹംസയ്ക്കുള്ള വ്യാപക ബന്ധങ്ങളും ഇ ടിയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. മുസ്ലിം ലീഗ് മുൻ അദ്ധ്യക്ഷൻ ഹൈദരലി തങ്ങളുടെ അടുപ്പക്കാരുമായി ഹംസയ്ക്ക് ഉറ്റ ബന്ധമാണുള്ളത്. നേരത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കെ ഹൈദരലി തങ്ങളുടെ പേരിൽ ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ രൂപീകരിക്കാൻ ഹംസ നേതൃത്വം നൽകിയിരുന്നു. മുസ്ലിം ലീഗിലെ അസംതൃപ്തരുടെ കൂട്ടായ്മ എന്ന നിലയിലായിരുന്നു അന്ന് ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ്റെ രൂപീകരണം ചർച്ച ചെയ്യപ്പെട്ടത്. ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി തങ്ങളായിരുന്നു ഫൗണ്ടേഷൻ്റെ ചെയർമാൻ. കെ എസ് ഹംസയായിരുന്നു കൺവീനർ.
മുസ്ലിം ലീഗിൽ നിന്ന് നടപടി നേരിട്ട എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പി പി ഷൈജൽ തുടങ്ങിയവരും ഈ കൂട്ടായ്മിൽ അന്ന് പങ്കെടുത്തിരുന്നു. ഈ നിലയിൽ മുസ്ലിം ലീഗിലെ അസംതൃപ്തരായ വലിയ വിഭാഗവുമായി അടുപ്പമുള്ള നേതാവാണ് കെ എസ് ഹംസ. സാദിഖലി തങ്ങളോട് വിയോജിപ്പുള്ള പാണക്കാട് കുടുംബാംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള സ്വാധീനവും ഹംസയ്ക്കുണ്ട്. ഹൈദരലി തങ്ങളോട് അടുപ്പമുള്ള മുസ്ലിം ലീഗിലെയും സമസ്തയിലെയും വലിയൊരു വിഭാഗവുമായും ഹംസയ്ക്ക് ഉറ്റബന്ധമുണ്ട്. ഈ നിലയിൽ മുസ്ലിം ലീഗിനുള്ളിലും സമസ്തയ്ക്കുള്ളിലും സ്വാധീനം ചെലുത്താൻ ശേഷിയുള്ള ഹംസയുടെ വരവ് പൊന്നാനിയുടെ മത്സരചിത്രത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് ലീഗ് നേതൃത്വം തിരിച്ചറിഞ്ഞുവെന്ന് വേണം അനുമാനിക്കാൻ.
ഇ ടി മുഹമ്മദ് ബഷീറിൻ്റെ മുജാഹിദ് അനുഭാവം നേരത്തെ തന്നെ സമസ്തയ്ക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല. 2017ൽ മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണത്തിനായി പുറത്തിറക്കിയ വീഡിയോയിൽ ഇ ടി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സമസ്ത രംഗത്ത് വന്നിരുന്നു. പിന്നീട് താൻ മുജാഹിദുകാരനല്ലെന്നും മുസ്ലിം ലീഗുകാരനാണെന്നും ഇ ടി പ്രതികരിച്ചിരുന്നു. 2019ലെ സവിശേഷ സാഹചര്യത്തിൽ ഇതൊന്നും പൊന്നാനിയിൽ ഏശിയില്ല എന്നത് വാസ്തവമാണ്. പക്ഷെ സമസ്തയിലെ മുസ്ലിം ലീഗ് വോട്ടുകളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു സ്ഥാനാർത്ഥി എതിരായി വരുമ്പോൾ ഈ ഘടകങ്ങളെല്ലാം തിരിച്ചടിയായേക്കാമെന്നതും മണ്ഡലമാറ്റ തീരുമാനത്തിൽ പ്രതിഫലിച്ചിരിക്കാം.
പൊന്നാനി
2011 ലെ സെൻസസ് പ്രകാരം പൊന്നാനിയിലെ ജനസംഖ്യയിൽ 62.4 ശതമാനവും മുസ്ലീം വിഭാഗമാണ്. 37 ശതമാനം ഹിന്ദു വിഭാഗക്കാരും 0.6 ശതമാനം ക്രിസ്ത്യൻ വിഭാഗക്കാരും. മണ്ഡലത്തിൽ 7.2 ശതമാനം പട്ടികജാതി വിഭാഗക്കാരും 0.2 ശതമാനം പട്ടികവർഗ വിഭാഗക്കാരും ഉൾപ്പെടുന്നു. സാക്ഷരത നിരക്ക് 80.4 ശതമാനം. ഈ കണക്കുകളാണ് പൊന്നാനിയിലെ സ്ഥാനാർഥി നിർണയത്തിന്റെയും രാഷ്ട്രീയസമവാക്യങ്ങളുടെയും അടിസ്ഥാനം.
ഇന്ത്യയിൽ മണ്ഡല പുനർനിർണയം നടന്ന 2008 ന് ശേഷമാണ് ഇന്നത്തെ പൊന്നാനി ലോക്സഭാ മണ്ഡലം രൂപം കൊള്ളുന്നത്. ഇതിനുശേഷം നടന്ന മൂന്ന് പൊതുതിരഞ്ഞടുപ്പിലും കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ പരീക്ഷണശാലയായിട്ടാണ് പൊന്നാനി അടയാളപ്പെടുത്തപ്പെട്ടത്
മണ്ഡല പുനർനിർണയം 2008
മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഉൾക്കൊള്ളുന്നു. 2004-ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു. പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് ചേർക്കപ്പെടുകയും പുതുതായി തവനൂർ, കോട്ടയ്‌ക്കൽ മണ്ഡലങ്ങൾ രൂപീകൃതമാവുകയും ചെയ്തു.
ഇന്നത്തെ പൊന്നാനി ലോക്സഭാ മണ്ഡലം രൂപംകൊണ്ട ശേഷം നടന്ന മൂന്ന് പൊതുതിരഞ്ഞടുപ്പിലും കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ പരീക്ഷണശാലയായാണ് പൊന്നാനി അടയാളപ്പെടുത്തപ്പെട്ടത്. 1977 മുതൽ മുസ്ലീംലീഗിനെ പിന്തുണച്ചുവരുന്ന പൊന്നാനി പിടിക്കാൻ 2009 മുതൽ ഇടതുപക്ഷം നടത്തിയ ശ്രമങ്ങളാണ് രാഷ്ട്രീയ പരീക്ഷണശാല എന്ന ഖ്യാതി ഉണ്ടാക്കിയത്. സിപിഐ മത്സരിച്ചുവന്നിരുന്ന സീറ്റിൽ പൊതുസ്വതന്ത്രരെ ഇറക്കി കളം പിടിക്കാനായിരുന്നു എൽഡിഎഫ് ശ്രമിച്ചത്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണങ്ങളുടെ തുടക്കം. 2009ൽ ഹുസൈൻ രണ്ടത്താണിയും 2014ൽ വി അബ്ദുറഹ്മാനും 2019ൽ പി വി അൻവറും ഈ പരീക്ഷണങ്ങളുടെ ഭാഗമായി.
ചുവക്കുന്ന മലപ്പുറം
ഐസ്‌ക്രീം പാർലർ കേസും വിവാദങ്ങളും ചർച്ചാ വിഷയമായ 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയ്ക്ക് ലഭിച്ച ആത്മവിശ്വാസമായിരുന്നു പൊന്നാനിയിലെ പരീക്ഷണങ്ങളുടെ അടിസ്ഥാനം. കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്തും മങ്കടയിൽ എം കെ മുനീറും തിരൂരിൽ ഇ ടി മുഹമ്മദ് ബഷീറും ഉൾപ്പെടെയുള്ള ലീഗിന്റെ അതികായൻമാർ അടിയറവ് പറഞ്ഞ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ സിപിഎം നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസം മലപ്പുറം സമ്മേളനത്തിൽ ഉൾപ്പെടെ പിണറായി വിജയനിലും പ്രകടമായിരുന്നു.
മലപ്പുറം ചുവക്കുന്നു എന്നായിരുന്നു ആ വിജയത്തിന്റെ അടിസ്ഥാനത്തിലുള്ള സിപിഎം മുദ്രാവാക്യം. പൊന്നാനി മണ്ഡലത്തിലെ ഏഴിൽ നാല് സീറ്റും അത്തവണ ഇടത് പക്ഷത്തോട് ചേർന്നുനിന്നു. 2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ രണ്ടാമത്തെ ലോക്സഭാ മണ്ഡലമായ മഞ്ചേരിയിൽ ഇടത് സ്ഥാനാർഥിയായ ടി കെ ഹംസ വിജയിച്ചതും സിപിഎം നേതാക്കളിൽ കാലാവസ്ഥ തങ്ങൾക്കനുകുലമാണെന്ന ധാരണ സൃഷ്ടിച്ചിരുന്നു.
പൊന്നാനി സീറ്റ് ഏറ്റെടുക്കാനുള്ള സിപിഎം നീക്കം അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവനെ ചൊടിപ്പിച്ചു. പിണറായി വിജയനെ പരസ്യമായി വെല്ലുവിളിക്കുന്ന നിലയിലേക്ക് തർക്കം നീണ്ടു. മുന്നണി മര്യാദ കാണിച്ചില്ലെന്ന് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം മുൻപ് വെളിയം തുറന്നടിച്ചു. വെളിയത്തിന്റെ വിമർശനം കേട്ട് പിന്നോട്ടില്ലെന്ന് പിണറായി വിജയനും നിലപാട് വ്യക്തമാക്കി. മുന്നണി പിളർന്നേക്കുമെന്ന നിലയിൽ അന്ന് ചർച്ചകൾ പുരോഗമിച്ചു.
സിപിഐക്ക് അപ്പുറം സിപിഎമ്മിലും പിണറായിയുടെ തന്ത്രങ്ങൾക്ക് പിന്തുണ ഉണ്ടായിരുന്നില്ല. എതിർ ചേരിയിൽ പ്രധാനി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തന്നെയായിരുന്നു. മുഖ്യമന്ത്രിയെയും അവഗണിച്ച് പരീക്ഷണം ജനങ്ങൾക്ക് മുന്നിലേക്ക്. മലപ്പുറത്ത് അന്ന് പിണറായിയുടെ പടനായകനായി കെ ടി ജലീൽ ശക്തനായി.
പിണറായിയും മഅദനിയും വിഎസും
പൊതുസ്വതന്ത്രൻ എന്ന നിലയിൽ സ്വീകാര്യനായ സ്ഥാനാർഥി, യുഡിഎഫിലെ അസംതൃപ്തർ ഒപ്പം 2004 പൊതു തിരഞ്ഞെടുപ്പിൽ പിഡിപി സ്വന്തമാക്കിയ 6.3 ശതമാനം വോട്ടുകൾ. ഇതായിരുന്നു പ്രതീക്ഷ. പൊന്നാനിയിലെ ആദ്യ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്ന കുറ്റിപ്പുറത്തെ വേദി അന്ന് കേരളം ഏറെ ചർച്ച ചെയ്തു. മഅദനി വേദിയിലേക്ക് കടന്നുവന്നപ്പോൾ പിണറായി വിജയൻ എഴുന്നേറ്റ് സ്വീകരിച്ചു. വിഎസ് ഒരു വശത്ത് നിശബ്ദനായി നോക്കിയിരുന്നു.
പിണറായിയുടെ പ്രസംഗത്തിൽ മഅദനി വാഴ്ത്തപ്പെട്ടവനായി. കൺവെൻഷൻ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ചർച്ചകളുടെ ഗതിമാറി. മഅദനിയെ ആദരിച്ച പിണറായി വിഎസിനെ അവഗണിച്ചുവെന്ന നിലയിലായിരുന്നു അതിലൊന്ന്, കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി എന്ന മഅദനിയുടെ ടാഗ് ബിജെപിയുൾപ്പെടെ സംസ്ഥാനത്ത് ഉടനീളം ഉയർത്തിക്കാട്ടി. മഅദനി നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളും അനീതികളും ചർച്ചയായതിൽ കൂടുതൽ നെഗറ്റീവ് ചർച്ചകളായിരുന്നു ആ സമയം കേരളത്തിൽ തിരഞ്ഞെടുപ്പിൽ വിഷയമായത്. പിണറായി വിജയനും അബ്ദുനാസർ മഅദനിയും കൈകോർത്തപ്പോഴും പൊന്നാനി മുസ്ലീം ലീഗിനെ കൈവിട്ടില്ല.
ഫലം വന്നപ്പോൾ സിപിഎമ്മിന്റെ എല്ലാ കണക്കുകളും തെറ്റി. ഹുസൈൻ രണ്ടത്താണി റെക്കോഡ് മാർജിനിൽ തോറ്റു. ഇ ടി മുഹമ്മദ് ബഷീറിനെ പൊന്നാനി ഡൽഹിയിലേക്ക് അയച്ചു. 2009, 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഇ ടി മുഹമ്മദ് ബഷീറിനെ ചേർത്തുപിടിച്ചു പൊന്നാനി.
പോൾ ചെയ്ത വോട്ടിന്റെ 50.1 ശതമാനം നേടിയാണ് ഇ ടി മുഹമ്മദ് ബഷീർ വിജയം ഉറപ്പിച്ചത്. ഇടത് സ്ഥാനാർഥിക്ക് ലഭിച്ചത് 39.4 ശതമാനം. മൂന്നാം സ്ഥാനത്ത് ബിജെപി നേടിയത് 7.5 ശതമാനം വോട്ടുകൾ മാത്രം. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ച പൊന്നാനിയും തവനൂരും തിരൂരും ഇടതുപക്ഷത്തെ കൈവിട്ടു. മൂന്ന് മണ്ഡലങ്ങളിലും കണക്കൂട്ടലുകൾ തെറ്റിച്ച് ലീഗ് സ്ഥാനാർഥി മുന്നേറി. പാലക്കാടൻ കാറ്റേറ്റ പാരമ്പര്യത്തിൽ തൃത്താല മാത്രം ഇടത് സ്ഥാനാർഥിക്ക് ഒപ്പംനിന്നു. 2677 വോട്ടുകളുടെ ലീഡായിരുന്നു തൃത്താല ഇടതുസ്ഥാനാർഥിക്ക് നൽകിയത്.
പൊന്നാനി ഇഫക്റ്റിൽ മലപ്പുറം ചുവപ്പിക്കാനിറങ്ങിയ പിണറായി വിജയനും സംഘത്തിനും സംസ്ഥാനത്ത് ആകെ തിരിച്ചടി നേരിട്ടു. പതിനാറ് സീറ്റിൽ യുഡിഎഫ് ജയിച്ചുകയറി. ഇടതുപക്ഷം നാല് സീറ്റിൽ ഒതുങ്ങി. കാസർഗോഡ്, പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങൾ മാത്രം സിപിഎമ്മിന് ഒപ്പം നിന്നു.
മത്സരിച്ച് നാല് സീറ്റുകളും തോറ്റെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ അന്ന് ചിരിച്ചു. തന്റെ വാക്കുകൾ കാലം തെളിയിച്ചുവെന്ന ഭാവത്തിൽ. വി എസ് അച്യുതാനന്ദൻ ഫല പ്രഖ്യാപനത്തിന് പിന്നാലെ പൊട്ടിച്ചിരിച്ചു. ആ ചിരി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നു. പൊന്നാനിയിലെ ആദ്യ പരീക്ഷണം അവിടെ പാളി.
നിയമസഭാ തിരഞ്ഞെടുപ്പ് 2011
മണ്ഡല പുനർനിർണയം അതിർത്തികൾ മാറ്റി നിശ്ചയിച്ച ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം ഒരുങ്ങിയപ്പോൾ പൊന്നാനിയിലെ ഏഴ് സീറ്റിലും കാതലായ മാറ്റം കൈവന്നിരുന്നു. കുഞ്ഞാലിക്കുട്ടിയെ പരാജയത്തിന്റ കയ്പുനീർ കുടിപ്പിച്ച കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി. പകരം തവനൂർ രൂപം കൊണ്ടു. സംവരണ മണ്ഡലമായിരുന്ന തൃത്താല ജനറൽ സീറ്റായി മാറി.
ഇടതും വലതും ഇഞ്ചോടിഞ്ച് പോരാടിയ 2011 ൽ കേരളത്തിൽ ആദ്യമായി ഒരു സർക്കാർ തുടർഭരണം നേടുമെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. പക്ഷേ കേവല ഭൂരിപക്ഷത്തേക്കാൾ ഒരു സീറ്റ് അധികം നേടി യുഡിഎഫ് കേരളത്തിന്റെ ഭരണംപിടിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയ്ക്ക് അധികാരമേൽക്കാൻ വേണ്ട ഒരു സീറ്റ് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ തൃത്താലയിലൂടെ യുഡിഎഫിന് ലഭിച്ചു.
രാഹുൽ ബ്രിഗേഡ് എന്ന പേരിൽ കേരളത്തിലെത്തിയ യുവ കോൺഗ്രസ് നേതാക്കളിൽ ഒരാളായ വി ടി ബൽറാം രണ്ട് പതിറ്റാണ്ടിനുശേഷം തൃത്താലയെ തിരിച്ചുപിടിച്ചു. അങ്ങനെ 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇടത് പക്ഷത്തിന്റെ അഭിമാനം കാത്ത മണ്ഡലവും സിപിഎമ്മിനെ കൈവിട്ടു. സിപിഎമ്മിന്റെ മണ്ഡലത്തിലെ മുതിർന്ന നേതാവുമായ പി മമ്മിക്കുട്ടിയെ ആയിരുന്നു അന്ന് യുവത്വത്തിന്റെ കരുത്തിൽ യുഡിഎഫ് സ്ഥാനാർഥി അട്ടിമറിച്ചത്.
പൊന്നാനിയിലെ ഏഴ് മണ്ഡലങ്ങളിൽ രണ്ടെണ്ണം മാത്രമായിരുന്നു 2009ൽ ഇടതുപക്ഷത്തിന് ഒപ്പംനിന്നത്. പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണനും തവനൂരിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച കെടി ജലീലും നിയമസഭയിലെത്തി. ലോക്സഭയിൽ പൊന്നാനിയിൽ പയറ്റി പരാജയപ്പെട്ടതും കുറ്റിപ്പുറത്ത് വിജയിച്ചതുമായ ഇടത് സ്വതന്ത്രൻ പരീക്ഷണം തവനൂരിൽ ആവർത്തിച്ചു.
വീണ്ടും പൊന്നാനി മോഡൽ- ഇടത് സ്വതന്ത്രൻ 2014
2006 ലെ തവനൂർ മോഡലിന്റെ തനിയാവർത്തനമായിരുന്നു 2014 ൽ പൊന്നാനിയിൽ ഇടതുപക്ഷം മുന്നോട്ടുവച്ചത്. ഇ ടി മുഹമ്മദ് ബഷീറിന് പൊന്നാനിയിൽ രണ്ടാമൂഴം നൽകി മുസ്ലീം ലീഗ് എതിരാളിയെ കാത്തിരുന്നു. മലപ്പുറം കോൺഗ്രസിലെ പടലപ്പിണക്കങ്ങളുടെ പരിണിത ഫലമായിരുന്നു അത്തവണ പൊന്നാനിയിലെ ഇടത് സ്ഥാനാർഥി.
വ്യവസായിയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന വി അബ്ദുറഹ്‌മാനെയായിരുന്നു ഇത്തവണ പൊന്നാനി പിടിക്കാൻ ഇടതുപക്ഷം നിയോഗിച്ചത്. കെഎസ് യു പ്രവർത്തകനായി രാഷ്ട്രീയജീവിതം ആരംഭിക്കുകയും ബാലജന സഖ്യത്തിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായി പൊതുപ്രവർത്തനത്തിൽ സജീവമാവുകയും ചെയ്ത വി അബ്ദുറഹ്‌മാനെ സ്ഥാനാർഥിയാക്കുന്നതിലൂടെ കോൺഗ്രസിലെ അസംതൃപ്തരുടെ വോട്ടുകളായിരുന്നു എൽഡിഎഫ് ലക്ഷ്യമിട്ടത്.
തിരൂർ മുനിസിപ്പാലിറ്റി ചെയർമാൻ തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയവും പൊന്നാനി ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിന് ഗുണം ചെയ്തു. പി ഡിപി ബാന്ധവത്തെക്കാൾ ഈ തന്ത്രം ഗുണം ചെയ്തുവെന്ന് വേണം വിലയിരുത്താൻ. കോൺഗ്രസ് വോട്ടുകൾ ഭിന്നിച്ചു. പൊന്നാനിയിൽ ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞു.
മുസ്ലീം ലീഗ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 25,140 ആയി കുറഞ്ഞു. അഞ്ച് വർഷം മുൻപ് 50.1 ശതമാനം വോട്ട് നേടിയപ്പോൾ 2014 ൽ അത് 43.4 ശതമാനമായി കുറഞ്ഞു. ഇടത് സ്ഥാനാർഥിയുടെ വോട്ട് വിഹിതം 39.4 ശതമാനത്തിൽനിന്നും 40.5 ശതമാനമായി മാറി. 2009 ൽ 7.5 ശതമാനം വോട്ട് നേടിയ ബിജെപി 8.6 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ഒന്നാം മോദി സർക്കാരിന് വഴിവച്ച ബിജെപിയുടെ മുന്നേറ്റത്തിനും യുപിഎയുടെ തകർച്ചയ്ക്കും വഴിവച്ച തിരഞ്ഞെടുപ്പ് കാറ്റിനിടയിലും പൊന്നാനി യുഡിഎഫിനെ കൈവിടാൻ തയാറായില്ല. പൊന്നാനിയിലെ നിയമസഭാ മണ്ഡലങ്ങളിൽ തൃത്താലയ്ക്ക് ഒപ്പം പൊന്നാനിയും തവനൂരും ഇത്തവണ എൽഡിഎഫിന് ഭൂരിപക്ഷം നൽകി. എന്നാൽ സ്വന്തം നാടായ തിരൂർ ഉൾപ്പെടെ വി അബ്ദുറഹ്‌മാനെ കൈവിട്ടു.
2014 പൊതു തിരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ലീഡ് ചെയ്ത പൊന്നാനിയിലെ നിയമ സഭാ മണ്ഡലങ്ങൾ
2014 പൊതു തിരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ലീഡ് ചെയ്ത പൊന്നാനിയിലെ നിയമ സഭാ മണ്ഡലങ്ങൾ
2016 നിയമസഭാ തിരഞ്ഞെടുപ്പ്
സോളാർ കേസ്, ബാർകോഴ, എൻഡോസൾഫാൻ സമരം, ജിഷ വധം, സ്ത്രീ സുക്ഷയും അഴിമതിയും വലിയതോതിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ ഉലച്ച കാലം. 2016 ൽ കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു. 91 സീറ്റുകൾ നേടി ഇടതുപക്ഷത്തിന്റെ തിരിച്ചുവരവുകണ്ട തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിലെത്തി. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന ആ വർഷം നേമത്തെ പ്രതിനിധീകരിച്ച് ഒ രാജഗോപാൽ നിയമസഭയിലെത്തി. കോൺഗ്രസ് 22 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ മൂസ്ലീം ലീഗ് 18 സീറ്റുകൾ നേടി ഒപ്പത്തിനൊപ്പം നിന്നു.
പൊന്നാനിയിൽ ആ വർഷം ലീഗ് വലിയ വെല്ലുവിളി തന്നെ നേരിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിക്കാർ കൈവിട്ടെങ്കിലും വി അബ്ദുറഹ്‌മാനെ താനൂർ ചേർത്തുപിടിച്ചു. 4918 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താനൂരിൽ വി അബ്ദുറഹ്‌മാൻ ജയിച്ചുകയറി. തവനൂരിൽ 17,064 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കി ഹാട്രിക് വിജയം നേടിയ കെ ടി ജലീൽ ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായി. പൊന്നാനി മണ്ഡലം പി ശ്രീരാമകൃഷ്ണനെ ഒപ്പം നിർത്തി. ശ്രീരാമകൃഷ്ണൻ കേരള നിയമസഭാ സ്പീക്കറായി.
തൃത്താലയിൽ 2009 ൽ ബൽറാമിനെ തുണച്ച യുവ, വനിതാ വോട്ടുകൾ ലക്ഷ്യമിട്ട് സിപിഎം ഇറക്കിയ മുസ്ലീം വനിതാ സ്ഥാനാർഥിക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. ബൽറാം ലീഡുയർത്തി. സിപിഎം സ്ഥാനാർഥിയായി സുബൈദ ഇസ്ഹാഖിനെതിരെ മണ്ഡലത്തിലെ യാഥാസ്ഥിക മുസ്ലീം വിഭാത്തിന്റെ നിലപാടെടുത്തത് എൽഡിഎഫിന് തിരിച്ചടിയായി. വി ടി ബൽറാം ലീഡുയർത്തി.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ്
ഒന്നാം മോദി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കിയ തിരഞ്ഞെടുപ്പിൽ ദേശീയ വിഷയങ്ങളായിരുന്നു കേരളം ചർച്ച ചെയ്തത്. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായതോടെ കേരളം ദേശീയ ശ്രദ്ധയിലെത്തി. തിരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തൂവാരി. കേരളത്തിലെ 20 മണ്ഡലങ്ങളിൽ 19 ലും യുഡിഎഫ് മിന്നുന്ന വിജയം നേടി. ഇടതുപക്ഷം ആലപ്പുഴയിൽ കനൽ ഒരു തരിയായി ഒതുങ്ങി.
പൊന്നാനിയിൽ ഇത്തവണയും ഇടതുപക്ഷം പരീക്ഷിച്ചത് പൊതുസ്വതന്ത്രൻ എന്ന പരീക്ഷണമാണ്. നിലമ്പൂർ എംഎൽഎയും വ്യവസായിയുമായ പി വി അൻവറിനായിരുന്നു 2019ലെ നിയോഗം. മൂന്ന് വർഷം നിലമ്പൂർ എംഎൽഎയായി പ്രവർത്തിച്ച ശേഷമായിരുന്നു അൻവർ പൊന്നാനിയിലേക്ക് ഇറങ്ങിയത്. നിലമ്പൂരിലെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അൻവർ വോട്ട് തേടിയത്. പൊന്നാനിയിൽ തോറ്റാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന് പോലും പ്രഖ്യാപിച്ചു ഒരുഘട്ടത്തിൽ അൻവർ.
ഇ ടി മുഹമ്മദ് ബഷീറിന് മൂന്നാമതും അവസരം നൽകിയ മുസ്ലീം ലീഗ് വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചില്ല. ഒപ്പം അൻവറിൽ പാർക്ക് വിവാദങ്ങളും കേസുകളും മണ്ഡലത്തിൽ സജീവ ചർച്ചയാക്കാനും യുഡിഎഫിന് ആയി. അതിദയനീയമായി പി വി അൻവർ പൊന്നാനിയിൽ തോറ്റു. യുഡിഎഫ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബഷീർ 1,93,273 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. ഇടത് കേന്ദ്രങ്ങൾ പോലും പി വി അൻവറിനെ കൈവിട്ടു.
51.3 ശതമാനം വോട്ടുകളായിരുന്നു അന്ന് യുഡിഎഫ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബഷീർ സ്വന്തമാക്കിയത്. പി വി അൻവർ 32.3 ശതമാനം വോട്ടുകൾ നേടി. ബിജെപിയുടെ വോട്ട് ശതമാനം പത്ത് ശതമാനം (10.9) പിന്നിട്ടു എന്നതാണ് മറ്റൊരു വസ്തുത. ഒരു ലക്ഷത്തിൽ അധികം വോട്ടുകളാണ് അന്ന് സ്ഥാനാർഥി വി ടി രമ നേടിയത്. പതിനായിരത്തിലധികം വോട്ടുകൾ നേടി എസ്ഡിപിഐയും പൊന്നാനിയിൽ സജീവമായി.
2021 നിയമസഭാ തിരഞ്ഞെടുപ്പ്
ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഒരു സർക്കാരിന് തുടർഭരണം ലഭിച്ച തിരഞ്ഞെടുപ്പായിരുന്നു 2021 ലെ ജനവിധി. ഈ തിരഞ്ഞെടുപ്പും പൊന്നാന്നിയുടെ രാഷ്ട്രീയ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്. എഴ് മണ്ഡലങ്ങളിൽ തൃത്താലയും പൊന്നാനിയും തവനൂരും താനൂരും സിപിഎമ്മിനൊപ്പം നിന്നു. തിരൂരങ്ങാടി, കോട്ടക്കൽ, തിരൂർ മണ്ഡലങ്ങൾ യുഡിഎഫിനൊപ്പവും. വി ടി ബൽറാമിനെ വീഴ്ത്തിയ എം ബി രാജേഷ് രണ്ടാം പിണറായി മന്ത്രിസഭയിൽ ആദ്യം സ്പീക്കറും പിന്നീട് തദ്ദേശ- എക്‌സൈസ് വകുപ്പ് മന്ത്രിയുമായി. ഇടതുപക്ഷത്തെ വിശ്വസിച്ച് കൂടെനിന്ന വി അബ്ദുറഹ്‌മാനും മന്ത്രിസഭയിൽ ഇടം പിടിച്ചു. കായിക – വഖഫ് ഹജ്ജ് വകുപ്പിന്റെ ചുമതല ലഭിച്ചു.
തവനൂരിൽനിന്ന് കെ ടി ജലീൽ വീണ്ടും ജയിച്ചെങ്കിലും ഒന്നാം പിണറായി സർക്കാരിനെ പലതവണ വിവാദങ്ങളിലേക്ക് തള്ളിവിട്ടെന്ന ആക്ഷേപം തിരിച്ചടിയായി. ലോകായുക്ത പരാമർശത്തെ തുടർന്ന് വോട്ടെടുപ്പിന് ദിവസങ്ങൾ മുൻപ് രാജിവയ്‌ക്കേണ്ടിവന്നതും ജലീലിന് തിരിച്ചടിയായി.
വീണ്ടുമൊരു തിരഞ്ഞെടുപ്പ്
2024 ൽ ലോക്‌സഭാ തിരഞ്ഞൈടുപ്പ് കളമൊരുങ്ങുമ്പോൾ പൊന്നാനിയിൽ കഥകൾക്ക് മാറ്റമൊന്നുമില്ല. ഇത്തവണ സിറ്റിങ് എംപി ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തേക്ക് മാറി. പൊന്നാനിയിൽ അബ്ദുസമദ് സമദാനി മത്സരിക്കുന്നു. 2014 ലെ തന്ത്രത്തിന് സമാനമാണ് ഇത്തവണ ഇടത് പക്ഷം പയറ്റുന്നത്. അന്ന് കോൺഗ്രസിനോട് കലഹിച്ച അബ്ദുറഹ്‌മാനെങ്കിൽ ഇത്തവണ ലീഗിനോട് പിണങ്ങിയിറങ്ങിയ കെ എസ് ഹംസ ജനവിധി തേടും. തന്ത്രങ്ങളിൽ ചെറിയ മാറ്റം ഇരു ക്യാമ്പുകളും പയറ്റുന്നുവെന്ന് വേണം വിലയിരുത്താൻ.
സ്വതന്ത്രനെ വെടിഞ്ഞ് സിപിഎം
പൊന്നാനിയിൽ കെ എസ് ഹംസ സിപിഎം ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. ഇതോടെ പൊതുസ്വതന്ത്രൻ എന്ന ആശയം രണ്ട് പതിറ്റാണ്ടിനുശേഷം അവസാനിപ്പിക്കുകയാണ് ഇടതുപക്ഷം. ഒപ്പം പാർട്ടി വോട്ട് വിഹിതം കൂട്ടുകയെന്നതും ലക്ഷ്യം. കെ എസ് ഹംസയിലൂടെ ലീഗിലെ അസംതൃപ്തരുടെ വോട്ടുകൾ ഇടത് പാളയത്തിലേക്ക് എത്തിക്കാം.
സർക്കാരിനോടും പിണറായി വിജയനോടുള്ള സമസ്തയുടെ അടുപ്പമാണ് മറ്റൊന്ന്. സിഎഎ, ഏകീകൃത സിവിൽ കോഡ് വിഷയങ്ങളിൽ സർക്കാരിനൊപ്പം നിന്നിരുന്നു കഴിഞ്ഞ വർഷങ്ങളിൽ സമസ്ത. സമസ്തയിൽ സിപിഎം ഫ്രാക്ഷൻ എന്ന് പോലും അടുത്തിടെ ആരോപണം ഉയർന്നിരുന്നു.
കെ എസ് ഹംസ സമസ്തയുടെ നോമിനിയാണെന്നാണ് പൊതുവിലുള്ള സംസാരം. മണ്ഡലത്തിലെ ലീഗ് വിരുദ്ധ മനോഭാവം സമസ്തയുടെ പിന്തുണയോടെ വോട്ടാക്കാനാണ് ഇടത് പാളയത്തിലെ നീക്കം. മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിലെ ഭൂരിപക്ഷവും ഇടതുപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നു.
ഇ ടിക്കു പകരം സമദാനിയെ ഇറക്കി ലീഗ്
മണ്ഡലം വച്ചുമാറി പൊന്നാനിയിൽ സമദാനി എത്തുമ്പോൾ ഏത് പ്രതിസന്ധിയെയും മറികടക്കാനാവുമെന്നാണ് മുസ്ലീം ലീഗിന്റെ പ്രതീക്ഷ. മുതിർന്ന നേതാവ് എന്ന നിലയിലാണ് ഇ ടി കുറച്ചുകൂടി സുരക്ഷിതമായ മലപ്പുറത്തേക്ക് മാറുന്നതെന്നാണ് ഒരു വശം. എന്നാൽ സമസ്തയുടെ ആശിർവാദത്തോടെ ഇടത് സ്ഥാനാർഥി മത്സരത്തിന് ഇറങ്ങുന്ന പൊന്നാനിയിൽ മുജാഹിദ് വിഭാഗക്കാരനായ ഇ ടി മുഹമ്മദ് ബഷീറിന്റെ സാന്നിധ്യം പ്രതികൂലമായേക്കുമോയെന്നും ലീഗിന് ഭയമുണ്ട്. സമദാനിയുടെ വ്യക്തിപ്രഭാവം എത്തുമ്പോൾ ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നും ലീഗ് കണക്കാക്കുന്നു.
പൊന്നാനിയിൽ നിലം ഒരുങ്ങുമ്പോൾ പരസ്പരം മത്സരിക്കുന്നത് ലീഗ് വിരുദ്ധ വികാരവും സംസ്ഥാനത്ത് നിലവിലുള്ള സർക്കാർ വിരുദ്ധ മനോഭാവവും തന്നെയാണ്. സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം മറികടക്കാൻ ലീഗിനെതിരായ വികാരം മതിയാകുമോ എന്നാണ് ഇനി തെളിയേണ്ടത്.