മരിക്കാൻ പോകുകയാണെന്ന് സ്റ്റേഷനിലേക്ക് ഒരു കോൾ. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കാനായത് യുവാവിന്റെ ജീവൻ.
താൻ മരിക്കാൻ ചെയ്യാൻ പോവുകയാണ് എന്ന് പോലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺ കോളിൽ സമയോചിതമായി ഇടപെട്ടതിലൂടെ കേരള പോലീസ് രക്ഷിച്ചത് യുവാവിന്റെ ജീവൻ.
വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺ ആണ് യുവാവിന് രക്ഷയായത്. കേരള പോലീസ് തന്നെയാണ് സമൂഹ മാധ്യമ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
കേരള പോലീസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഞാൻ മരിക്കാൻ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കാനായാത് യുവാവിന്റെ ജീവൻ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കോൾ എത്തിയത്.
പാറാവ് ഡ്യൂട്ടിയിലായിരുന്ന സിവിൽ പൊലീസ് ഓഫിസർ സൗമ്യയാണ് കോൾ അറ്റൻഡ് ചെയ്തത്. ഫോൺ വിളിച്ച യുവാവിനെ സൗമ്യ ആദ്യം സമാധാനപ്പെടുത്തുകയും, ഉടൻ തന്നെ ഈ വിവരം ജി.ഡി ചാർജിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ ഫിറോസിനെ അറിയിക്കുകയും ചെയ്തു.
ഫിറോസ് യുവാവുമായി ഫോണിൽ സംസാരിച്ച് ശാന്തനാക്കാൻ ശ്രമിച്ചു. ഫോൺ നമ്പർ ശേഖരിക്കുകയും ചെയ്തു.
ഉടനെ വിഡിയോ കോളിലൂടെ ബന്ധപ്പെട്ടപ്പോൾ യുവാവ് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതായാണ് കണ്ടത്. ഉടനടി വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു എൻ.ബി യെ വിവരം അറിയിച്ചു.
ഫോൺ നമ്പർ ട്രേസ് ചെയ്ത്, ഫിറോസ്, സി.പി.ഒ.മാരായ ജോർജ് ബാസ്റ്റ്യൻ, ശ്യാം എന്നിവർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. തളിക്കുളം കച്ചേരിപ്പടി പടിഞ്ഞാറ് എത്തിയ സംഘം നാട്ടുകാരുടെ സഹായത്തോടെ യുവാവിന്റെ വീട് കണ്ടെത്തി.
വീട്ടിൽ ചെന്നപ്പോൾ ഒരു റൂമിൽ മാത്രം ലൈറ്റ് തെളിഞ്ഞിരുന്നു. കതക് മുട്ടിയിട്ടും തുറന്നില്ല. ലൈറ്റ് തെളിഞ്ഞിരുന്ന റൂമിന്റെ ജനൽ പൊട്ടിച്ച് നോക്കിയപ്പോൾ യുവാവ് തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു.
ഉടൻ വാതിൽ പൊളിച്ച് അകത്ത് കടന്ന പൊലീസ് സംഘം, യുവാവ് കെട്ടിതൂങ്ങാൻ ഉപയോഗിച്ച തുണി അഴിച്ചു മാറ്റി സി പി ആർ നൽകുകയും, ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.
തുടർന്ന് കുടുംബാംഗങ്ങളെ വിവരം അറിയിച്ച്, യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവ് സുരക്ഷിതനാണ്, ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക.
കടപ്പാട്: കേരള പോലീസ്.
Summary:
A timely phone call to the police station from a man expressing his intent to die led to swift intervention by the Kerala Police, ultimately saving his life.