മലപ്പുറം പാണ്ടിക്കാട്ട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനു പിന്നാലെ പോലീസിനെതിരെ ആരോപണം. പന്തല്ലൂർ കമ്പംകോട് സ്വദേശി മൊയ്തീൻകുട്ടി മരിച്ചതിന് പിന്നിൽ പോലീസ് മർദ്ദനമാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഒരു സംഘം യുവാക്കൾ തമ്മിലുണ്ടായ അടിപിടി കേസിൽ ഇന്നലെ മൊയ്തീൻകുട്ടിയെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പഞ്ചായത്ത് അംഗത്തെയും മറ്റൊരാളെയും കൂട്ടിയാണ് യുവാവ് പോലീസ് സ്റ്റേഷനിൽ ഹാജരായത്. പോലീസ് സ്റ്റേഷന് സമീപമുള്ള ഒരു കെട്ടിടത്തിൽ എത്തിച്ച യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി കൂടെയുണ്ടായിരുന്നവർ പറയുന്നു. താൻ ഗുരുതര ഹൃദ്രോഗമുള്ള ആളാണെന്ന് പറഞ്ഞിട്ടും പോലീസ് മർദ്ദനം നിർത്തിയില്ല എന്നും ആരോപണമുണ്ട്. അവിടെ കുഴഞ്ഞുവീണ യുവാവിനെ പാണ്ടിക്കാട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയുടെ മരിക്കുകയായിരുന്നു.
