സ്ത്രീധനമായി എസ്‌യുവി ഫോർച്യൂണർ കൊടുക്കാത്തതിൽ കലിപൂണ്ട യുവാവും ബന്ധുക്കളും യുവതിയെ വീടിന് പുറത്താക്കിയതായി പരാതി. യുവതിയെ മദ്യം കുടിക്കാനും മാംസ ഭക്ഷണം കഴിച്ചാലും നിർബന്ധിച്ചതായും സ്വകാര്യ ചിത്രങ്ങൾ ബന്ധുക്കൾക്കും കൂട്ടുകാർക്കും ഉൾപ്പെടെ അയച്ചുകൊടുത്തതായും യുവതി ആരോപിക്കുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ സ്ത്രീധന പീഡന നിയമം ചുമത്തി യുവാവിനും കുടുംബത്തിനും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ വിവാഹിതരായ യുവാവും യുവതിയും സന്തോഷത്തിലാണ് കഴിഞ്ഞത്. B എന്നാൽ അടുത്തിടെ യുവാവും കുടുംബവും വലിയ കാർ വേണമെന്ന് നിരന്തരം തന്നെ നിർബന്ധിച്ചതായി യുവതി പരാതിയിൽ പറയുന്നു. വിവാഹത്തിനോടനുബന്ധിച്ച് 40 ലക്ഷം രൂപയുടെ വാഹനം യുവതിയുടെ വീട്ടുകാർ യുവാവിന് വാങ്ങി നൽകിയിരുന്നു. എന്നാൽ ഇതിന് പുറമെ മറ്റൊരു എസ്‌യുവി കൂടി വേണമെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഇനിയൊരു കാർ കൂടി വാങ്ങി നൽകാനുള്ള ശേഷി തങ്ങൾക്കില്ലെന്നു യുവതിയുടെ കുടുംബം അറിയിച്ചതിന് പിന്നാലെ ക്രൂരമായ പീഡനമാണ് ആരംഭിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. മദ്യം കുടിപ്പിക്കുകയും മാംസ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഭർത്താവുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ നാട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചു കൊടുത്തതായും യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ യുവാവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കാർ വേണമെന്ന് ആവശ്യപ്പെട്ട് വീടിനു പുറത്താക്കിയ യുവതി നിലവിൽ യുവതിയുടെ സ്വന്തം വീട്ടിലാണ്.