ലോകത്തിലെ ഏറ്റവും വലിയ ഡേറ്റ സെന്റർ യുഎഇയിൽ
ദുബായ് ∙ സ്മാർട്ട് സിറ്റി പദ്ധതികളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഡേറ്റ സെന്റർ മേഖലയിലേക്കുള്ള നിക്ഷേപങ്ങൾ വൻതോതിൽ വർധിപ്പിച്ച് യുഎഇ.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ഡേറ്റ സെന്റർ വിപണിയുടെ നിലവിലെ മൂല്യം ഏകദേശം 174 കോടി ഡോളറാണ്.
2030 ഓടെ ഇത് 330 കോടി ഡോളർ കവിയുമെന്നതാണ് വിലയിരുത്തൽ. സാങ്കേതിക വിദ്യയെ ആധാരമാക്കിയ ഭരണവും നഗരവികസനവുമാണ് ഈ വളർച്ചയ്ക്ക് പിന്നിൽ.
ലോകത്തിലെ മികച്ച സ്മാർട്ട് സിറ്റികളുടെ പട്ടികയിൽ ദുബായ് നാലാം സ്ഥാനത്തും അബുദാബി അഞ്ചാം സ്ഥാനത്തുമാണ്.
2027 ഓടെ ലോകത്തിലെ ആദ്യ സമ്പൂർണ എഐ സർക്കാരായി മാറുകയെന്ന ലക്ഷ്യത്തോടെ അബുദാബി 1300 കോടി ദിർഹത്തിന്റെ വൻ നിക്ഷേപ പദ്ധതികളാണ് നടപ്പാക്കുന്നത്.
ഈ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് രാജ്യത്ത് വ്യാപകമായി വികസിപ്പിക്കുന്ന ഡേറ്റ സെന്ററുകൾ.
ഡേറ്റ സെന്ററുകളുടെ എണ്ണത്തിൽ മേഖലയിലെ മുൻനിര രാജ്യമാണ് യുഎഇ. നിലവിൽ രാജ്യത്താകെ 57 വലിയ ഡേറ്റ സെന്ററുകളാണ് പ്രവർത്തിക്കുന്നത്.
ഇതിൽ 33 എണ്ണം അബുദാബിയിലും 22 എണ്ണം ദുബായിലുമാണ്. നഗരങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിവര കേന്ദ്രങ്ങളായാണ് ഇവ പ്രവർത്തിക്കുന്നത്.
ഗതാഗതം, വൈദ്യുതി, ജലവിതരണം, സുരക്ഷ, അടിയന്തര സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ഡേറ്റ ശേഖരണവും വിശകലനവും ഇവിടെയാണ് നടക്കുന്നത്.
അബുദാബിയിലെ സ്റ്റാർ ഗേറ്റ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡേറ്റ സെന്ററിന്റെ ആദ്യ ഘട്ടം ഈ വർഷം പ്രവർത്തനം ആരംഭിക്കും.
5 ജിഗാവാട്ട് ശേഷിയുള്ള എഐ സൂപ്പർ കംപ്യൂട്ടിങ് ഡേറ്റ സെന്ററിന്റെ 200 മെഗാവാട്ട് ശേഷിയുള്ള ആദ്യ ഘട്ടമാണ് ഇപ്പോൾ സജ്ജമാകുന്നത്. ഇതോടെ രാജ്യവ്യാപകമായി ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി സേവനങ്ങൾ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി യുഎഇ മാറും.
മൈക്രോസോഫ്റ്റും ജി42യും തമ്മിലുള്ള പങ്കാളിത്തത്തിൽ ഡേറ്റ സെന്ററുകളുടെ ശേഷി വർധിപ്പിക്കുന്ന സംയുക്ത പദ്ധതികളും വർഷാവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ദുബായ് പ്രൊഡക്ഷൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഇക്വിനിക്സ് ഡിഎക്സ്3 അത്യാധുനിക ഡേറ്റ സെന്ററിന്റെ രണ്ടാം ഘട്ടം മാർച്ചിൽ കമ്മിഷൻ ചെയ്യാനാണ് തീരുമാനം.
നിലവിൽ യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളുടെ 97 ശതമാനവും എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇതിന് ആവശ്യമായ വൻതോതിലുള്ള ഡേറ്റ പ്രോസസിങ് നടക്കുന്നത് ഡേറ്റ സെന്ററുകളിലൂടെയാണ്.
ദുബായ് ലൈവ് പ്ലാറ്റ്‌ഫോം പോലുള്ള സംവിധാനങ്ങൾ വഴി നഗരത്തിലെ ഗതാഗതം, ഊർജ ഉപഭോഗം, അടിയന്തര സേവനങ്ങൾ എന്നിവ തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ ഡേറ്റ സെന്ററുകൾ സഹായിക്കുന്നു.
ഡ്രൈവറില്ലാ വാഹനങ്ങളും സ്മാർട്ട് ഗതാഗത സംവിധാനങ്ങളും കൂടുതൽ നഗരങ്ങളിലേക്കു വ്യാപിക്കുന്നതിനും ഈ നിക്ഷേപങ്ങൾ ശക്തമായ പിന്തുണ നൽകും.









