കായംകുളം: സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൻറെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പാരാതിയിൽ യുവതി അറസ്റ്റിൽ.The woman was arrested on the complaint that she had stolen lakhs under the guise of a private gold pawn shop
കൃഷ്ണപുരം നിവേദ്യം വീട്ടിൽ ഷൈനി സുശീലൻ (36) ആണ് അറസ്റ്റിലായത്. കായംകുളം കൃഷ്ണപുരത്ത് മിനി കനകം ഫിനാൻസ് എന്ന പേരിൽ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനം നടത്തിയായിരുന്നു യുവതിയുടെ തട്ടിപ്പ്. ഇടപാടുകാരെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് ഇവർക്കെതിരായ പരാതി.
പണയ സ്വർണം വാങ്ങി പണം നൽകുകയും തിരികെ പണയം എടുക്കാൻ ചെല്ലുമ്പോൾ ആളുകളെ തട്ടിപ്പിന് ഇരയാക്കുകയുമാണ് യുവതിയുടെ രീതി. പണവും പലിശയും വാങ്ങിയിട്ട് പണയ സ്വർണം തിരികെ നൽകാതെ, പുതുതായി തുടങ്ങുന്ന ബിസിനസിലേക്ക് കൂടുതൽ ലാഭവിഹിതം നൽകാമെന്ന് ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിക്കും. ഇത്തരത്തിൽ ഇല്ലാത്ത ബിസിനസിലേക്ക് നിക്ഷേപങ്ങൾ സ്വീകരിച്ചാണ് പ്രതി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്.
പ്രതിക്കെതിരെ കായംകുളം പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് എടുത്തതറിഞ്ഞ ഷൈനി ഒളിവിൽ പോയി. ചേർത്തലയിൽ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വരികയായിരുന്നു.
സിഐ അരുൺ ഷാ, എസ്ഐമാരായ അജിത്ത്, ദിലീപ്, പൊലീസ് ഉദ്യോഗസ്ഥരായ സജീവൻ, അരുൺ, അഖിൽ മുരളി, സോനുജിത്ത്, അമീന, നൂറ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.