ചെമ്മീൻ കയറ്റുമതി നിരോധിച്ച് പ്രതിവർഷം രാജ്യത്തിന് രണ്ടായിരം കോടിയുടെ നഷ്ടമുണ്ടാക്കിയ ശേഷം അടുത്ത പണിയുമായി അമേരിക്ക രംഗത്ത്. ചെമ്മീൻ പിടിക്കുന്ന വലകളിൽ കടലാമകൾ കുടുങ്ങുന്നു എന്ന പേരിലാണ് ഇന്ത്യൻ കടൽച്ചെമ്മീൻ ഇറക്കുമതി അമേരിക്ക നിരോധിച്ചത്. (The United States is about to impose an embargo on marine products)
സംസ്ഥാനത്ത് മീൻ പിടുത്തത്തിനിടെ കടലാമകൾ കുരുങ്ങുന്നത് അപൂർവമാണെന്നിരിക്കെ ചെമ്മീന്റെ വിലയിടിക്കാനുള്ള നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ആക്ഷേപമുണ്ട്.
ചെമ്മീൻ ഇറക്കുമതി നിരോധിച്ചതിന് പിന്നാലെ ഇപ്പോൾ ഇതാ മറ്റു സമുദ്രോത്പന്നങ്ങൾക്കും ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. ഡോൾഫിനും തിമിംഗലത്തിനും ഭീഷണിയാകുന്ന മത്സ്യ ബന്ധനം നടത്തുന്നു എന്നാരോപിച്ചാണ് നടപടി.
ഇന്ത്യയിലെ സമുദ്ര സസ്തനികളുടെ കണക്കെടുപ്പ് നടത്താനും അമേരിക്ക തയാറെടുക്കുന്നുണ്ട്. ഇതിനിടെ ജപ്പാനും ചൈനയും ഇന്ത്യൻ ചെമ്മീന് വിലയിടിച്ചതും പ്രതിസന്ധി വർധിക്കാൻ കാരണമായിട്ടുണ്ട്. അമേരിക്കൻ നടപടി മത്സ്യത്തൊഴിലാളികളെ വളരെയധികം ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.