മങ്കി പോക്സ് (എംപോക്സ്) ഭീഷണിയെ തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളോടും ജാഗ്രത പാലിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കർശന നിർദേശം.the threat of monkey pox; The Union Health Ministry has issued a strict directive to be vigilant at all airports
ആഫ്രിക്കയ്ക്ക് പുറത്ത് സ്വീഡനിലും അയൽ രാജ്യമായ പാകിസ്താനിലും രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
യുഎഇയിൽ നിന്നും എത്തിയ മൂന്ന് പേർക്കാണ് രണ്ട് ദിവസം മുമ്പ് പാകിസ്താനിൽ രോഗ ബാധയുണ്ടായത്. 2022ൽ ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചതും യുഎഇയിൽ നിന്ന് എത്തിയ ആളിനായിരുന്നു.
കേരളത്തിൽ കൊല്ലം സ്വദേശിയായ ചെറുപ്പക്കാരനിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് സംസ്ഥാനത്ത് അഞ്ച് പേരിലും രോഗബാധ കണ്ടെത്തി.
രണ്ടു കൊല്ലം മുമ്പ് ഇന്ത്യയിൽ 27 പേർക്ക് രോഗം പിടിപെട്ടതായും ഒരാള്‍ മരിച്ചതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
നിലവില്‍ രാജ്യത്ത് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിദേശത്തു നിന്നും കേരളത്തിൽ എത്തുന്നവരിൽ ഭൂരിഭാഗവും യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതിനാൽ നീരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.
പനി, തലവേദന, കഴലവീക്കം, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രോഗം ഉള്ളവരുമായി അടുത്തു സമ്പര്‍ക്കം ഉണ്ടായാല്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ചകള്‍ക്ക് ഉള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
വിദേശത്ത് നിന്നും എത്തിയവരിലാണ് ഇന്ത്യയിൽ സ്ഥിരീകരിച്ച തൊണ്ണൂറ് ശതമാനം കേസുകളും. അതിനാൽ മേൽ പറഞ്ഞ ശാരീരിക പ്രശ്നങ്ങൾ നേരിടുന്നവർ അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ആദ്യമായി രോഗം റിപ്പോർട്ട് ചെയ്ത തിന് ശേഷം 116 രാജ്യങ്ങളിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഈ രാജ്യങ്ങളിൽ 2022 മുതൽ 99,176 പേർക്ക് രോഗം ബാധിക്കുകയും 208 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ ആഫ്രിക്കൻ രാജ്യമായ കോംഗോയിലും അയൽ രാജ്യങ്ങളിലും വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചയാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.