ശില്‍പ കൃഷ്ണ
എട്ടു വര്‍ഷത്തിനിടെ ഏഴു സ്ത്രീകളെ കൊലപ്പെടുത്തിയ അന്‍പത്തിനാലുകാരിയായ കര്‍ണാടക കഗ്ഗലിപുര സ്വദേശി കെമ്പമ്മ . ഇന്ത്യയെ വിറപ്പിച്ച സീരിയല്‍ കില്ലറായി മാറുന്നു . കൊലപാതകത്തിന് ഇവര്‍ ഉപയോഗിച്ചിരുന്നത് സയനൈഡ്. കെ ഡി കെമ്പമ്മ അങ്ങനെ ആരും ഭയക്കുന്ന സയനൈഡ് മല്ലികയായി .
കെ ഡി കെമ്പമ്മ അങ്ങനെ മല്ലികയായി
1970 -ല്‍ ജനിച്ച കെമ്പമ്മ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലാണ് താമസിച്ചിരുന്നത്. അത്യാവശ്യം ജീവിച്ചു പോകാനുള്ള വരുമാനം ആ കുടുംബത്തിനുണ്ടായിരുന്നു. എന്നാലും, കെമ്പമ്മയ്ക്ക് എപ്പോഴും പണത്തിനോട് ആര്‍ത്തിയായിരുന്നു. കൗമാരപ്രായത്തില്‍ ഒരു തയ്യല്‍ക്കാരനെ വിവാഹം കഴിച്ച കെമ്പമ്മ താമസിയാതെ അമ്മയായി. അതിനുശേഷം അവള്‍ക്ക് രണ്ട് കുട്ടികള്‍ കൂടി ജനിച്ചു. വെറുമൊരു തയ്യല്‍ക്കാരന്റെ ഭാര്യയായി ജീവിക്കാന്‍ കെമ്പമ്മ താല്പര്യപ്പെട്ടില്ല. അവര്‍ വീടുകളില്‍ വീട്ടുജോലിക്കായി പോയി. പതിയെ അവള്‍ ജോലി ചെയ്തിരുന്ന വീടുകളില്‍ നിന്ന് മോഷ്ടിക്കാന്‍ തുടങ്ങി. ഇങ്ങനെ മോഷ്ടിച്ച തുക ഉപയോഗിച്ച് അവള്‍ ഒരു ചിട്ടി കമ്പനി തുടങ്ങി. ആഡംബര ജീവിതത്തോടുള്ള ഭ്രമം കാരണം അതിനു പണം തേടിയാണ് മല്ലിക മോഷണം ആരംഭിക്കുന്നത്… പിടിക്കപ്പെട്ടതോടെ ആറു മാസം ശിക്ഷിക്കപ്പെട്ട് ജയിലഴിക്കുള്ളിലായി. അതോടെ ഭര്‍ത്താവ് അവരുമായി അകന്നു. ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മല്ലിക ചിട്ടി ബിസിനസ് ആരംഭിച്ചെങ്കിലും വന്‍ സാമ്പത്തിക നഷ്ടമായിരുന്നു ഫലം. ഇതോടെ എങ്ങനെയും പണം സമ്പാദിക്കാനുള്ള അതിയായ വ്യഗ്രത മല്ലികയെ കൊലപാതക പരമ്പരയിലേക്കു ചെന്നെത്തിക്കുകയായിരുന്നു. അവരെ സയനൈഡ് മല്ലികയായി.
സയനൈഡ് നല്‍കുന്ന രീതി
കെമ്പമ്മ എല്ലാ ദിവസവും ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകളെ നിരീക്ഷിക്കുമായിരുന്നു. കടുത്ത ദു:ഖത്തോടെ ഇവിടെയെത്തുന്ന ഭക്തരെയാണ് ഉന്നംവച്ചിരുന്നത്. കടുത്ത വിശ്വാസിയായ സ്ത്രീയെന്ന തോന്നല്‍ ജനിപ്പിച്ച് അതീവ ദു:ഖിതരായ സ്ത്രീകളെ വശത്താക്കുകയായിരുന്നു ലക്ഷ്യം.
സമയമാകുമ്പോള്‍ കെമ്പമ്മ ഒരു വിശുദ്ധ സ്ത്രീയായി അവരുടെ മുന്നില്‍ അവതരിക്കും. അവരുടെ പ്രശ്നങ്ങള്‍ക്ക് ചെവി കൊടുക്കുകയും, അവരുടെ ദുഃഖങ്ങള്‍ക്കുള്ള മരുന്ന് തന്റെ പക്കലുണ്ടെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുമായിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഒരു പൂജ നടത്തണമെന്ന് അവള്‍ അവരോട് പറയും.അതിനായി നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ബംഗളുരു നഗരത്തിന് പുറത്തെ ക്ഷേത്രത്തില്‍ വരാന്‍ ആവശ്യപ്പെടും. ഇവിടെയെത്തിയാല്‍ പുണ്യതീര്‍ത്ഥം എന്ന പേരില്‍ സയനൈഡ് കലര്‍ത്തിയ വെള്ളം നല്‍കിയാണ് കൊലപാതകം നടത്തിയിരുന്നത്.
കെണിയില്‍പെട്ട് ജീവന്‍ പൊലിഞ്ഞവര്‍
മല്ലികയുടെ ആദ്യ കുറ്റകൃത്യം നടക്കുന്നത് 1999 ഒക്ടോബര്‍ 19 ന് ഹൊസ്‌കോടെയില്‍ വച്ചാണ്. മുപ്പതുകാരിയായ മമത രാജനെയാണ് മല്ലിക കൊലപ്പെടുത്തുന്നത്. മമതയുടെ കൊലപാതക കേസില്‍ അന്വേഷണം തന്നിലേക്ക് എത്താതിരുന്നത് മല്ലികയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ആദ്യ കൊലപാതകം കഴിഞ്ഞ് 7 വര്‍ഷം കഴിഞ്ഞാണ് കെമ്പമ്മ രണ്ടാമതൊന്നിന് ശ്രമിക്കുന്നത്.2007 ലായിരുന്നു രണ്ടാം കൊലപാതകം.2007ലാണ് കെമ്പമ്മ അഥവാ മല്ലികയുടെ രണ്ടാം കൊലപാതകം. തന്റെ കാണാതായ ചെറുമകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു എലിസബത്ത്. കബലമ്മ ക്ഷേത്രത്തില്‍വച്ച് സയനൈഡ് കലക്കി നല്‍കി എലിസബത്തിനെയും കെമ്പമ്മ കൊലപ്പെടുത്തി.
യലഹങ്ക നിവാസി യശോദമ്മ കൊല്ലപ്പെട്ടത് ആസ്മ രോഗം മാറ്റാനുള്ള പൂജയ്ക്കിടെയാണ്. പൂജയ്ക്കെന്ന വ്യാജേന സിദ്ധഗംഗ മഠത്തിനു സമീപം മുറിയെടുക്കുകയും ഇവര്‍ ഉറങ്ങുമ്പോള്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയുമായിരുന്നു. ഭക്തിഗാനങ്ങള്‍ ആലപിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ചിക്കബൊമ്മസന്ദ്ര നിവാസിയായ ഭക്തഗായിക മുനിയമ്മയെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കാമെന്നു പറഞ്ഞാണ് യഡിയൂര്‍ ക്ഷേത്രത്തിനു സമീപം കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഹെബ്ബാള്‍ നിവാസി പിള്ളമ്മയെ ക്ഷേത്രങ്ങള്‍ കാണിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. വിവാഹത്തിനണിഞ്ഞ മുഴുവന്‍ സ്വര്‍ണവും ധരിച്ച് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ അവസാന ഇരയായ രേണുകയോട് കെമ്പമ്മ ആവശ്യപ്പെട്ടു. തുടര്‍ന്ന് രേണുകയെ കൊന്ന് സ്വര്‍ണവുമായി മുങ്ങി. ഈ സ്വര്‍ണം വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് പിടികൂടിയത്.മരണവുമായി ചേര്‍ന്ന് സയനൈഡിന്റെ പേര് കുപ്രസിദ്ധമാകുന്നത് ഇതാദ്യമായല്ല. എന്നാല്‍ ഇത്രയും കൊലപാതകങ്ങള്‍ക്കു സയനൈഡ് ഉപയോഗിച്ച വനിത സീരിയല്‍ കില്ലര്‍ ഇന്ത്യയില്‍ ഇല്ല..
Read Also:ചതിവല വിരിക്കുന്ന ഓൺലൈൻ ലോണുകൾ