കൊച്ചി: പോലീസുകാരനായ കെ. റിയാസിനു താടിമീശ വയ്ക്കാൻ അനുമതി നൽകാനാവില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയിൽ. കൊച്ചിയിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി സേവനം ചെയ്യുന്ന കെ. റിയാസ് എട്ടുവർഷം മുമ്പാണ് സ്ഥിരമായി താടിവയ്ക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടാൻ ഹൈക്കോടതിയിൽ റിട്ട് നൽകിയത്.The state police chief told the high court that Riyaz cannot be allowed to grow a beard
താടി വയ്ക്കാൻ തനിക്ക് അവകാശമുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്ന നിലപാട് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണു കെ. റിയാസ് ഹർജി നൽകിയത്. താടി വയ്ക്കുക എന്നതു മതപരമായ തന്റെ ബാധ്യതയാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പോലീസ് മാനുവലിൽ താടി വളർത്തുന്നതു വിലക്കുന്ന ഒരു വ്യവസ്ഥയുമില്ല.
അത്തരത്തിൽ നിയമമോ സർവീസ് ചട്ടങ്ങളോ സർക്കാർ ഉത്തരവോ ഇല്ല. കൃത്യനിർവഹണത്തിനു താടി തടസമല്ല. കരസേനയിലും നാവികസേനയിലും താടി വയ്ക്കാൻ അനുവാദമുണ്ട്. സിഖ് സമുദായക്കാരായ പോലീസുകാർക്കും ശബരിമലയിൽ ഡ്യൂട്ടിയുള്ളവർക്കും താടി വയ്ക്കാൻ അനുമതി നൽകുന്നതും മതാചാരത്തിന്റെ ഭാഗമാണ്. എന്നാൽ, മുസ്ലിംകളായ പോലീസുകാരെ വിലക്കുന്നതു മൗലികാവകാശ ലംഘനവും വിവേചനവുമാണെന്നും ഹർജിക്കാരൻ വാദിച്ചു.
കേസിൽ എതിർകക്ഷിയായ സംസ്ഥാന പോലീസ് മേധാവിക്കു കോടതി നോട്ടീസ് അയച്ചെങ്കിലും എട്ടു വർഷത്തിനു ശേഷമാണു മറുപടി നൽകിയത്. മറുപടി പരിഗണിച്ച ശേഷം വിശദമായ വാദം കേൾക്കാനാണു ജസ്റ്റിസ് പി. ഗോപിനാഥന്റെ തീരുമാനം. പോലീസ് സേനയുടെ അച്ചടക്കത്തെ ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ഭരണഘടനയുടെ 25-ാം വകുപ്പു പ്രകാരമുള്ള മൗലികാവകാശം അനുവദിക്കാനാവില്ലെന്നാണു ഡി.ജി.പിയുടെ വിശദീകരണം.