ചെന്നൈയിൽ കള്ളന്മാരെ പേടിച്ച് കച്ചവടക്കാരൻ അരിച്ചാക്കിലാണ് പണം സൂക്ഷിച്ചിരുന്നത് . ഉടമസ്ഥൻ ഇല്ലാതിരുന്ന സമയത്ത് അരിയെന്ന് കരുതി കടയിലെ ജീവനക്കാരൻ പണച്ചാക്ക് വിറ്റു. ഉടമസ്ഥൻ തിരികെ എത്തി പരിശോധിച്ചപ്പോഴാണ് പണം അടങ്ങിയ ചാക്ക് നഷ്ടമായ വിവരം അറിയുന്നത്. കടലൂർ വടലൂരിൽ അരിക്കച്ചവടം നടത്തുന്ന ഷൺമുഖമാണു പണം ചാക്കിലാക്കി സൂക്ഷിച്ചത്.
ഷൺമുഖം ഇല്ലാതിരുന്ന സമയത്ത് അരി വാങ്ങാനെത്തിയാൾക്കു കടയിലെ ജോലിക്കാരൻ പണമടങ്ങിയ ചാക്ക് അരിയെന്ന് കരുതി വിൽക്കുക ആയിരുന്നു. പിന്നീട്, ഷൺമുഖം കടയിലെത്തിയപ്പോഴാണു പണം നഷ്ടമായ വിവരം തിരിച്ചറിഞ്ഞത്. കടയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ, ചാക്കുമായി പോയ ആളെ തിരിച്ചറിഞ്ഞ ഷൺമുഖം ഉടൻ തന്നെ അയാളുടെ വീട്ടിലെത്തി.
എന്നാൽ, 10 ലക്ഷം രൂപ മാത്രമാണു ചാക്കിലുണ്ടായിരുന്നതെന്നു വീട്ടുകാർ പറഞ്ഞതോടെ അതിൽ കൂടുതൽ പണമുണ്ടായിരുന്നെന്ന പേരിൽ വാക്കുതർക്കമുണ്ടായി. തുടർന്നു ഷൺമുഖം വടലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
English summary : The shop owner kept the money in a sieve for fear of thieves; The shopkeeper sold the bag thinking it was rice