പത്തനംതിട്ട: ശബരിമല സന്നിധാനത്തെ നിലവിലെ ഭസ്മക്കുളം മാറ്റുന്നു. ഭസ്മക്കുളത്തിൻ്റെ സ്ഥാനം ശരിയല്ലെന്നും മാലിന്യം നിറയുന്നുവെന്ന പരാതിയും ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.The Sabarimala Sannidhanam is replaced by the current ash pit
ക്ഷേത്രത്തിന് മുൻഭാഗത്ത് മീനം രാശിയിലാകും പുതിയ സ്ഥാനം നോക്കുക. വാസ്തുവിദ്യ വിജ്ഞാന കേന്ദ്രം പ്രസിഡണ്ട് കെ മുരളീധരന്റെ മേൽനോട്ടത്തിലാണ് സ്ഥാനം കാണൽ.
തന്ത്രിമാരോട് അടക്കം കൂടിയാലോചിച്ചാണ് ഭസ്മക്കുളം മാറ്റാനുള്ള തീരുമാനം. നിലവിലെ ഭസ്മക്കുളത്തിന്റെ സ്ഥാനം ശരിയല്ലെന്നും മാലിന്യമടിയുന്നു എന്നും ദേവപ്രശ്നത്തിൽ അടക്കം തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഭസ്മക്കുളം മാറ്റുന്നത്.
സന്നിധാനത്തെ ശൗചായലയ കോംപ്ലക്സുകൾക്ക് നടുവിൽ പടിക്കെട്ടുകൾക്ക് താഴെയാണ് ഭസ്മക്കുളമുള്ളത്. താഴ്ന്ന ഭാഗമായതിനാൽ മലിനജലം മുകളിൽ നിന്നും സമീപത്ത് നിന്നും ഒഴുകിയെത്തി അശുദ്ധമാകും.
ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭസ്മക്കുളം നിലവിലെ സ്ഥാനത്ത് നിന്നും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നതും ഒടുവിൽ ഇക്കാര്യത്തിൽ തീരുമാനമായതും.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടാണ് ഭസ്മക്കുളം മാറ്റി സ്ഥാപിക്കേണ്ടിവരുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി.
മുകളിൽ അന്നദാന മണ്ഡപവും പോലീസ് ബാരിക്കേഡും ശുചിമുറികളും മറ്റും മുകളിലേക്ക് സ്ഥാപിക്കേണ്ടിവന്നതിനാലാണ് ഇങ്ങനെയൊരു ആവശ്യം ഉയർന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്ത്രിമാർ ഉൾപ്പെടെയുള്ളവരോട് കൂടിയാലോചിച്ചാണ് ഭസ്മക്കുളം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. നിലവിലെ ഭസ്മക്കുളത്തിൻ്റെ സ്ഥാനം ശരിയല്ലെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞിരുന്നു.
ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറ് കുംഭം രാശിയിൽ ആയിരുന്നു യഥാർഥ ഭസ്മക്കുളം ഉണ്ടായിരുന്നത്. 1987ൽ ഇത് നികത്തിൽ മേൽപ്പാലം നിർമിച്ചു. ഇതോടെ ഒപ്പം ഉണ്ടായിരുന്ന പാത്രക്കുളം ഇല്ലാതായി.
തുടർന്ന് ക്ഷേത്രത്തിൻ്റെ പിൻഭാഗത്ത് ജലരാശി കണ്ടെത്തിയാണ് ഭസ്മക്കുളം സ്ഥാപിച്ചത്. തപസ്വിനിയും കന്യകയുമായ ശബരി യാഗാഗ്നിയിൽ ദഹിച്ച സ്ഥലത്ത് ആ സ്മരണയ്ക്കെന്ന സങ്കൽപ്പമാണ് ഭസ്മക്കുളം.
വലിയ നടപന്തലിന് കിഴക്ക്, ശബരി ഗസ്റ്റ് ഹൗസിന് സമീപത്തേക്ക് ഭസ്മക്കുളം മാറ്റാനാണ് ആലോചന. കുളം സ്ഥാപിക്കാനുള്ള ഭൂമിക്കായി ഇന്ന് സ്ഥാന നിർണയം നടക്കും.
വാസ്തുവിദ്യ വിജ്ഞാന കേന്ദ്രം പ്രസിഡൻ്റ് കെ മുരളീധരൻ്റെ മേൽനോട്ടത്തിലാണ് സ്ഥാനം നിർണയിക്കൽ ചടങ്ങുകൾ നടക്കുക. സ്ഥാനം നിർണയിച്ച ശേഷം തറക്കല്ലിടൽ ചടങ്ങും ഇന്നും നടക്കും.
60 ലക്ഷം രൂപയാണ് പുതിയ ഭസ്മക്കുളത്തിനായി ചെലവ് കണക്കാക്കുന്നത്. കുളം പൂർത്തിയാക്കി പാണ്ടിത്താവളത്തിലെ വാട്ടർ ടാങ്കിൽ നിന്നും വെള്ളം എത്തിക്കും. നിശ്ചിത ഇടവേളകളിൽ കുളം ശുദ്ധീകരിക്കും.
ക്ഷേത്രമുണ്ടായ കാലത്തുണ്ടായ ഒട്ടേറെ കിണറുകള്‍ സന്നിധാനത്തുണ്ടായിരുന്നു. അതില്‍നിന്ന് കുടിക്കാനും കുളിക്കാനും വെള്ളം ഉപ യോഗിച്ചിരുന്നു.
വിഖ്യാതമായ ഭസ്മക്കുളം കൂടാതെ പാത്രക്കുളം എന്ന പേരില്‍ ഒരു കുളവും ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ചില കിണറുകള്‍ കുളങ്ങളാക്കി. കുറേ കിണറുകള്‍ സ്ലാബിട്ടു മൂടി. പിന്നീട് ഭസ്മക്കുളവും പാത്രക്കുളവും മാത്രം പ്രത്യേകം കല്ലുകെട്ടി സംരക്ഷിച്ചു.
പാത്രക്കുളത്തില്‍ പാത്രങ്ങള്‍ കഴുകുന്നതിനും സോപ്പ് ഉപയോഗിക്കുന്നതിനും ആദ്യകാലത്ത് അനുവാദമുണ്ടായിരുന്നു. എന്നാല്‍, ഭസ്മക്കുളത്തില്‍ ഇതൊന്നും അനുവദിച്ചിരുന്നില്ല.
കുളത്തില്‍ ധാരാളം നീരുറവകളുണ്ടായിരുന്നതുകൊണ്ടും കുമ്പളം തോട്ടില്‍നിന്ന് പൈപ്പുലൈന്‍വഴി വെള്ളം വിട്ടിരുന്നതുകൊണ്ടും ഈ കുളത്തിലെ വെള്ളം മലിനമാകാറില്ലായിരുന്നു.
തപസ്വിനിയും കന്യകയുമായ ശബരി യാഗാഗ്‌നിയില്‍ ദഹിച്ച സ്ഥാനത്ത് ആ സ്മരണയ്‌ക്കെന്ന സങ്കല്‍പ്പമാണ് ഭസ്മവാഹിനിയായ ഈ ദിവ്യകുളത്തിന്. ഈ തീര്‍ത്ഥത്തിലെ സ്‌നാനം പാപനാശകാരണമാകുമെന്നാണ് ഐതിഹ്യം.
എന്നാല്‍, സന്നിധാനത്തില്‍ തിരക്കേറിയതോടെ തീര്‍ത്ഥാടകരുടെ ഉപയോഗക്കൂടുതല്‍ നിമിത്തം ഭസ്മക്കുളം മലിനമായി. 1952ലെ ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനുശേഷമാണ് ഭസ്മക്കുളം കെട്ടിവെടിപ്പാക്കിയത്.
ഈ കുളത്തില്‍ കുളിച്ച് ഈറനോടെയാണ് അയ്യപ്പന്മാര്‍ തിരുമുറ്റത്ത് ശയനപ്രദക്ഷിണം നടത്തിയിരുന്നത്. കുളം ഉറവ വറ്റാത്തതാണ്. ഇപ്പോള്‍, ജലം മലിനമാകുമ്പോള്‍ അത് പമ്പുചെയ്ത് പുറത്തു കളഞ്ഞശേഷം ശുദ്ധജലം നിറയ്‌ക്കാറുണ്ട്.
പതിറ്റാണ്ടുകള്‍ മുമ്പ്, ഈ കുളം മൂടി മറ്റൊന്ന് കുഴിക്കാമെന്ന് അഭിപ്രായം ദേവസ്വം അധികാരികളില്‍നിന്നുണ്ടായി.
എന്നാല്‍ പല തലത്തിലുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് അന്ന് ആ നിര്‍ദേശം നടപ്പായില്ല. 1987വരെ പല സ്ഥലങ്ങളിലും കുളം കുഴിക്കാന്‍ സ്ഥാനം നോക്കിയെങ്കിലും ഉറവ കണ്ടില്ല. 1987ല്‍ കൃത്രിമമായി കുളം കുഴിക്കുകയും മുമ്പ് ഉണ്ടായിരുന്ന കുളം മണ്ണിട്ടു നികത്തുകയും ചെയ്തു!