സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുടെ ആകസ്മിക മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ഇൻഫ്ളുവൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമായിരുന്ന സിമ്രാൻ സിംഗിന്റെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്.
ജമ്മുകശ്മീർ സ്വദേശിനിയായ യുവതി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നതെങ്കിലും അതിനുള്ള സാധ്യതകളൊന്നുമില്ലെന്നാണ് കുടുംബം പറയുന്നത്.
ഇൻസ്റ്റഗ്രാമിൽ ഏഴ് ലക്ഷത്തിലേറെ ആരാധകരുണ്ടായിരുന്ന താരമാണ് ഇരുപത്തഞ്ചുകാരിയായ സിമ്രാൻ.
ഗുരുഗ്രാമിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന സെക്ടർ 47 അപ്പാർട്ട്മെന്റിൽ സിമ്രാനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പം താമസിച്ച സുഹൃത്താണ് വിവരം പൊലീസിൽ അറിയിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സിമ്രാൻ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, പൊലീസിന്റെ ഈ വാദം തള്ളുകയാണ് ബന്ധുക്കൾ. ആത്മഹത്യ കുറിപ്പൊന്നും സ്ഥലത്ത് നിന്ന് കിട്ടിയിട്ടില്ലെന്ന് കുടുംബം പറയന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. ജമ്മുവിന്റെ ഹൃദയമിടിപ്പെന്നാണ് ഇവരെ ആരാധകർ സോഷ്യൽ മീഡിയയിൽ വിളിച്ചിരുന്നത്. ഡിസംബർ 13-നായിരുന്നു സിമ്രാന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്.