വെളിച്ചം ഇട്ടാലുടനെ അതിലേക്ക് പ്രാണികൾ ആകർഷിക്കപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പലതരം പ്രാണികൾ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെട്ട് വരാറുണ്ട്. എന്നാൽ ഇതിനു പിന്നിലെ യഥാർത്ഥ കാരണം എന്താണ് ? പല കാരണങ്ങളാണ് ഇതുവരെ പല ഗവേഷകരും പറഞ്ഞിരുന്നത്. പ്രാണികൾ പ്രകാശത്തെ ആകാശഗോളങ്ങളായി തെറ്റിദ്ധരിച്ചാണ് അതിന്റെ അടുത്തേക്ക് പറന്നടുക്കുന്നത് എന്നൊരു ധാരണയുണ്ടായിരുന്നു. മറ്റൊരു വിശ്വാസം പ്രകാശ സ്രോതസിന്റെ ചൂടുപയോഗിച്ച് ശരീരം ചൂടാക്കുന്നതിനാണ് പ്രാണികൾ ഇതിനടുത്തേക്ക് എത്തുന്നത് എന്നായിരുന്നു. എന്നാൽ, ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ മക്ഗുയർ സെൻ്റർ ഫോർ ലെപിഡോപ്റ്റെറ ആൻഡ് ബയോഡൈവേഴ്‌സിറ്റിയിലെയും ഒരു സംഘം ശാസ്ത്രജ്ഞർ ഇതിനു പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തിയിരിക്കുകയാണ്.
പുതിയ പഠനങ്ങൾ പറയുന്നത് അന്തരീക്ഷത്തിൽ പറക്കുന്നതിനും സ്വയം ഓറിയൻ്റുചെയ്യാനുമുള്ള പ്രാണികളുടെ കഴിവിനെ കൃത്രിമ പ്രകാശ സ്രോതസ്സ് തടസപ്പെടുത്തുന്നതുമൂലമാണ് പ്രാണികൾ പ്രകാശത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്നതായി തോന്നുന്നത് എന്നാണ്. പ്രാണികൾ പ്രകാശത്തിലേക്ക് നേരിട്ട് പറക്കുകയല്ല, കൃത്രിമ സ്രോതസ്സുമായി അവയുടെ പിൻഭാഗം വിന്യസിക്കാൻ ശ്രമിക്കുമ്പോൾ അതിനെ വട്ടമിട്ട് പറക്കുന്നതായി അനുഭവപ്പെടുന്നു എന്നാണു ഗവേഷകനായ യാഷ് സോന്ധി പറയുന്നത്. ഈ സ്വഭാവത്തെ “ഡോർസൽ ലൈറ്റ് പ്രതികരണം” എന്നാണു ഗവേഷകർ വിളിക്കുന്നത്. നാച്ചുറൽ വെളിച്ചത്തിൽ ശരിയായ പറക്കലും അതിന്റെ നിയന്ത്രണവും നിലനിർത്താൻ പ്രാണികൾ സ്വീകരിക്കുന്ന രീതിയെ കൃത്രിമ വെളിച്ചം തടസ്സപ്പെടുത്തുന്നു. അത് പ്രാണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഇത് മൂലം അവ വെളിച്ചത്തിനു ചുറ്റും നിരന്തരം വലം വയ്ക്കുന്നു. പ്രാണികളുടെ അന്തരീക്ഷസ്ഥിലെ സഞ്ചാര വഴിയിൽ അതിവേഗ ഇൻഫ്രാറെഡ് ക്യാമറകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിലാണ് ഈ പുതിയ കണ്ടെത്തൽ.
Also read: പാലക്കാട് ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതിവീണ് അപകടം: വയോധികയുടെ ഇരുകാലുകളും അറ്റു