മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ യഥാർത്ഥ പ്രതി പിടിയിൽ. റസ്റ്റോറന്റ് ജീവനക്കാരനായ വിജയ് ദാസ് ആണ് മുംബൈ പോലീസിൻ്റെ പിടിയിലായത്.
ഇയാൾ കുറ്റം സമ്മതിച്ചതായും താനെയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നും പോലീസ് പറഞ്ഞു. വെയ്റ്ററായും കെട്ടിട നിർമാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് ഇയാൾ. കൂടുതൽ വിവരങ്ങൾ ഇന്ന് രാവിലെ ഒമ്പതിന് മുംബൈ പോലീസ് നടത്തുന്ന വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തും.
ബാന്ദ്രയിലെ സത്ഗുരു ശരൺ ബിൽഡിംഗിലെ പന്ത്രണ്ടാം നിലയിലുള്ള താമസസ്ഥലത്തുവച്ച് വ്യാഴാഴ്ച പുലർച്ചെയാണ് നടന് കുത്തേറ്റത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ സെയ്ഫിനെ കഴിഞ്ഞദിവസം തീവ്രപരിചരണ വിഭാഗത്തിൽനിന്ന് പ്രത്യേകവാർഡിലേക്ക് മാറ്റിയിരുന്നു.