സർവകാല റെക്കോഡിട്ട കൊക്കോവില ഒരാഴ്ച്ചക്കിടെ പാതിയായി താഴ്ന്നു . മേയ് തുടക്കത്തിൽ 1000-1075 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില 580-600 രൂപയാണ് ലഭിയ്ക്കുന്നത്. 270 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോയ്ക്ക് 180 രൂപയായും വില താഴ്ന്നു. അണ്ണാൻ , മരപ്പട്ടി ശല്യവും കീടബാധയും മൂലം ഇടുക്കിയിൽ കർഷകർ വ്യാപകമായി കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉത്പാദനം കുത്തനെ ഇടിയുകയും വില കുതിച്ചു കയറുകയുമായിരുന്നു. എന്നാൽ കുത്തനെയുള്ള വിലയിടിവിന് ചോക്ലേറ്റ് കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടനില നിൽക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികൾ പറയുന്നത്.
വ്യാപാരികളിൽ നിന്നും പാൽ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്പനികളുടെയും ഏജൻസികൾ കൊക്കൊ ശേഖരിച്ച് ഗുജറാത്ത്, ബോംബെ, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്. കൊക്കൊ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന മറ്റ് രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും കൊക്കൊ പരിപ്പിന് മറ്റു കൃത്രിമ ബദലുകൾ നിർമിക്കാനാവാത്തതുമാണ് കൊക്കൊയ്ക്ക് വില സ്ഥിരത ഉറപ്പുവരുത്തുന്നത്. വർഷം 20 ശതമാനത്തോളം ആവശ്യം അഭ്യന്തര വിപണിയിൽ കൊക്കൊയ്ക്ക് വർധിച്ചു വരുന്നുണ്ട്. വില കുത്തനെയിടിഞ്ഞതോടെ വൻ തോതിൽ കൊക്കോ സംഭരിച്ചുവെച്ച ഇടുക്കിയിലെ വ്യാപാരികൾക്ക് വൻ നഷ്ടമാണുണ്ടായത്.