ട്രോളിങ് നിരോധനത്തിനുള്ള ഒരുക്കങ്ങൾ തീരദേശ മേഖലയിൽ പൂർത്തിയായി. ജൂൺ ഒമ്പതിന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന നിരോധനം ജൂലൈ 31 വരെ തുടരും. ഇത്തവണ ട്രോളിങ് നിരോധനം 52 ദിവസം വരെ നീണ്ടുനിൽക്കും. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. (trolling ban from Sunday midnight in Kerala)
ആഴക്കടൽ മീൻപിടിത്തം നടത്തുന്ന ബോട്ടുകൾ ഞായറാഴ്ച നീണ്ടകരപാലത്തിന് കിഴക്ക് ഭാഗത്തായി നിർത്തിയിട്ടശേഷം അർധരാത്രി 12ന് പാലത്തിന്റെ സ്പാനുകൾ ചങ്ങലയിട്ട് പൂട്ടുന്നതോടെ ട്രോളിങ് നിരോധനത്തിന് തുടക്കമാകും. മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം. ഇക്കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും.
അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുംമുമ്പ് കേരളതീരം വിട്ടുപോകാന്‍ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കും. ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിങ് ബോട്ടുകള്‍ കടലില്‍ നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും.
നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ. കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവയുടെ സേവനം ഉറപ്പാക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.
Read More: 07.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read More: എന്റെ പൊന്നേ… നീ എങ്ങോട്ടാണ്? ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്നത്തെ വില ഇങ്ങനെ