കോയമ്പത്തൂർ: രണ്ടാഴ്ച മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അമ്മയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്.The police have arrested three people, including the mother, in the case of selling a two-week-old baby gir
കുഞ്ഞിന്റെ അമ്മ സ്വാമിച്ചെട്ടിപ്പാളയം ചിന്നക്കണ്ണൻ പുതൂരിലെ നന്ദിനി (22), കുഞ്ഞിനെ വാങ്ങിയ കൂടലൂർ കൗണ്ടൻപാളയത്തെ അനിത (40), വിൽക്കാൻ സഹായിച്ച ദേവിക (42) എന്നിവരെയാണു തുടിയല്ലൂർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് ആണ് വിറ്റത്. കുഞ്ഞിനെ തൽക്കാലം ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
14നു മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലാണു നന്ദിനി പെൺകുഞ്ഞിനെ പ്രസവിച്ചത്. ബനിയൻ കമ്പനി ജീവനക്കാരിയായ നന്ദിനി കൂടെ ജോലി ചെയ്യുന്ന ദേവികയോടു കുടുംബസാഹചര്യവും ദാരിദ്ര്യവും കാരണം രണ്ടാമത്തെ കുഞ്ഞിനെ കൂടി നോക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു.
ദേവികയാണു കുട്ടികളില്ലാത്ത മഹേശ്വരൻ – അനിത ദമ്പതികളെ പരിചയപ്പെടുത്തിയത്. വിൽപനയ്ക്കു സഹായിച്ചതിനു ദേവികയ്ക്ക് ഇരുകുടുംബങ്ങളിൽ നിന്നും കമ്മിഷൻ ലഭിച്ചു.
തിങ്കളാഴ്ച ചൈൽഡ്‌ലൈൻ നമ്പറിൽ (1098) ലഭിച്ച ഫോൺ സന്ദേശത്തെത്തുടർന്നു കോയമ്പത്തൂർ ശിശുക്ഷേമ സമിതി പൊലീസുമായി ചേർന്നു നടത്തിയ അന്വേഷണത്തിലാണു കുഞ്ഞിനെ കണ്ടെത്തിയത്.
മൂന്നു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും രണ്ടാമത്തെ കുട്ടിയെക്കൂടി നോക്കാനുള്ള സാഹചര്യമില്ലെന്നും അതുകൊണ്ടാണു വളർത്താനായി അനിതയെ ഏൽപിച്ചതെന്നും നന്ദിനി പറഞ്ഞെങ്കിലും പണം വാങ്ങിയാണു കുഞ്ഞിനെ നൽകിയതെന്നു സമിതി ചോദ്യം ചെയ്യലിൽ കണ്ടെത്തി. ജില്ലാ ശിശുക്ഷേമ സമിതിയുടെ പരാതിയിൽ കേസെടുത്ത തുടിയല്ലൂർ പൊലീസ് 3 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.