തിരുവനന്തപുരം : മുഖ്യമന്ത്രിയ്ക്കും മകൾ വീണ വിജയനും സിഎംആർഎൽ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം 14ന് റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടോറോട് നിർദ്ദേശിച്ചു. സിഎംആർഎൽ കമ്പനിക്ക് തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കടത്താൻ സർക്കാർ ഒത്താശ ചെയ്തതടക്കം നിരവധി ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിക്കുന്നത്. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുൻ നിർത്തി സ്വകാര്യ കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം. ഇതിൻെറ പ്രത്യുപകാരമായ വീണ വിജയൻെറ കമ്പനിയിലേക്ക് മാസപ്പടി നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഫയലിൽ സ്വീകരിക്കുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു.
