ബോംബെന്നു കരുതി വലിച്ചെറിഞ്ഞത് നിധിയായിരുന്നു എന്നറിഞ്ഞ ആ തൊഴിലുറപ്പ് തൊഴിലാളികൾ നടുങ്ങി. കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എൽപി സ്കൂളിനടുത്തു സ്വകാര്യ ഭൂമിയിൽ മഴക്കുഴി എടുത്തു കൊണ്ടിരിക്കെയാണ് ഇവർക്ക് പാത്രം കിട്ടിയത്. (The newspaper was thrown away thinking it was a bomb; When it was broken, I saw a pile of gold worth crores)
മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ പാത്രവും ആദ്യം ബോംബാണെന്നാണു കരുതിയത്. പാത്രം പൊട്ടിയപ്പോൾ പുറത്തു വന്നത് നിധിക്കൂമ്പാരം. 17 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങൾ, പഴയകാലത്തെ 5 മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, ഒട്ടേറെ വെള്ളിനാണയങ്ങൾ. നിധിയാണെന്നു തിരിച്ചറിഞ്ഞതോടെ ഇവർ ചെങ്ങളായി പഞ്ചായത്ത് ഓഫിസിൽ വിവരമറിയിക്കുകയും പൊലീസെത്തി ഏറ്റുവാങ്ങുകയും ചെയ്തു.
ക്ഷേത്രങ്ങളിലും തറവാടുകളുടെ പടിഞ്ഞാറ്റകളിലും സൂക്ഷിക്കുന്ന മൂലഭണ്ഡാരത്തിന്റെ മാതൃകയാണ് നിധി അടങ്ങിയിരുന്ന പാത്രത്തിന്. ഇത്തരം ഭണ്ഡാരങ്ങളിൽ ആഭരണങ്ങളും പണവും സൂക്ഷിക്കാറുണ്ട്.
മോഷ്ടിക്കപ്പെടാതിരിക്കാൻ പഴമക്കാർ ഒളിപ്പിച്ചതാകാനും സാധ്യതയുണ്ട്. സ്വർണം പൂശിയതാണോയെന്നും വ്യക്തമല്ല. നാണയങ്ങൾ പരിശോധിച്ചു പഴക്കം നിർണയിക്കാമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ പറഞ്ഞു.