മുംബൈ: രാത്രികാലങ്ങളിൽ പരിചയമില്ലാത്ത സ്ത്രീക്ക് സന്ദേശമയക്കുന്നത് അശ്ലീലമാണെന്ന് മുംബൈ സെഷൻസ് കോടതി. നീ മെലിഞ്ഞവളാണ്, മിടുക്കിയാണ്, സുന്ദരിയാണ്, നിന്നെ എനിക്ക് ഇഷ്ടമാണ് എന്നൊക്കെ സന്ദേശമയക്കുന്നത് അശ്ലീലമാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
മുൻസിപ്പൽ കോർപ്പറേഷനിലെ മുൻ അംഗത്തിന് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഒരാളുടെ ശിക്ഷ ശരിവെച്ചുകൊണ്ട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി ജി ധോബ്ലെയാണ് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്.
സമകാലിക സാമൂഹിക മാനദണ്ഡങ്ങൾ പാലിക്കുന്ന ശരാശരി വ്യക്തിയുടെ കാഴ്ചപ്പാടിൽ നിന്നാണ് അശ്ലീലതയെ വിലയിരുത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതി രാത്രി 11നും 12 നും ഇടയിൽ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചതായി അന്വേഷണത്തിൽ കോടതി കണ്ടെത്തി. പ്രശസ്തയും മുൻ മുൻസിപ്പൽ കോർപ്പറേഷൻ അംഗവും വിവാഹിതയുമായ ഒരു സ്ത്രീ ഇത്തരം വാട്‌സ്ആപ്പ് സന്ദേശങ്ങളോ അശ്ലീല ഫോട്ടോകളോ സഹിക്കില്ല. പ്രത്യേകിച്ച് അയച്ചയാളും പരാതിക്കാരിയും പരസ്പരം അറിയാത്തവരാകുമ്പോൾ.
ഇരുവരും തമ്മിൽ യാതൊരു ബന്ധവും ഉള്ളതായി കണ്ടെത്താനായില്ല. ഇത്തരം സന്ദേശങ്ങളും പ്രവൃത്തിയും ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്നതാണെന്നും ജഡ്ജി പറഞ്ഞു. 2022ൽ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് വിധിക്കുകയും മൂന്ന് മാസത്തേയ്ക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
അതേസമയം രാഷ്ട്രീയ വൈരാഗ്യം കാരണം തന്നെ കള്ള കേസിൽ കുടുക്കിയതാണെന്നാണ് പ്രതി കോടതിയിൽ വാദിച്ചത്. എന്നാൽ വ്യാജ കേസിൽ ഒരാളെ പ്രതിയാക്കുന്നതിന് ഒരു സ്ത്രീയും തന്റെ അന്തസിനെ പണയപ്പെടുത്തില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
പ്രതി സ്ത്രീക്ക് അശ്ലീല വാട്‌സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പ്രോസിക്യൂഷൻ തെളിയിച്ചിട്ടുണ്ടെന്നും അതിനാൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത് ശരിയാണെന്നും സെഷൻസ് ജഡ്ജി ചൂണ്ടിക്കാട്ടി.