സൗര കൊടുങ്കാറ്റ് ഉണ്ടായതിന് പിന്നാലെ സൂര്യൻ അതിഭീകരമായ സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളുന്നതായി ശാസ്ത്രജ്ഞർ. സൂര്യന്റെ ദൃശ്യമായ ഭാഗത്തുനിന്നും പുറപ്പെട്ടിരിക്കുന്ന ഈ സൗര ജ്വാലകൾ പ്രത്യാഘാതം വളരെ കൂടുതലുള്ള വികിരണങ്ങളാണ്. എ.ആര്‍ 3664 എന്ന സൗരകളങ്കത്തിനുള്ളിലെ ഊര്‍ജം പുറന്തള്ളപ്പെട്ടതോടെയാണ് മേയ് പത്തിന് എക്സ്5.8 ക്ലാസിലുള്ള സൗരജ്വാല പുറന്തള്ളപ്പെട്ടത്. ഈ സൗരജ്വാല 11 വര്‍ഷത്തെ സൗരചക്രത്തില്‍ വച്ചേറ്റവും വലിയതാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 2025 ലെ സൂര്യ ചക്രത്തിന് തുടക്കമായെന്നും സൗരകളങ്കങ്ങള്‍ ഇനി പതിവാകുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 2025ല്‍ സൗര കളങ്കങ്ങള്‍ അതിന്‍റെ പാരമ്യത്തിലെത്തും.
ഇവ കഴിഞ്ഞയാഴ്ച വീശിയ സൗര കൊടുങ്കാറ്റിനേക്കാൾ ശക്തിയേറിയതാണെന്നും ഇവ മൂലം റേഡിയോ സേവനങ്ങൾ വ്യാപകമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. അമേരിക്കയിലെ നാഷണൽ ഓഷ്യനിക് ആൻഡ് അറ്റ്മോസ്ഫിറിക് അഡ്മിനിസ്ട്രേഷൻ രേഖകളിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. നിലവിൽ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന ഭീകര സൗരജ്വാല ധ്രുവദീപ്തിക്കോ ഭൗമകാന്തിക കാറ്റിനോ കാരണമാകില്ല.









