കെഎസ്ഇബി ജീവനക്കാര്‍ക്കും ഓഫീസുകള്‍ക്കുനേരെ അതിക്രമം ഉണ്ടാകുന്നതിന്‍റെ വാര്‍ത്തകള്‍ക്കിടെ, ജീവനക്കാരന്റെ നന്മയുടെ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. രണ്ടു ദിവസമായി വൈദ്യുത ലൈൻ പൊട്ടിയതിനെ തുടര്‍ന്ന് വൈദ്യുതി ഇല്ലാതായ 70വയസുകാരിയായ വയോധികയുടെ വീട്ടില്‍ കണക്ഷൻ കൊടുക്കുന്നതിനിടെയാണ് സംഭവം. (The KSEB employee averted the accident by getting down on the cradle and grabbing the electric wire)
മലപ്പുറം വണ്ടൂരിന് സമീപമുള്ള പോരൂര്‍ താളിയംകുണ്ട് കാക്കത്തോടിന് കുറുകെയുള്ള വൈദ്യുത ലൈനാണ് പൊട്ടി വീണത്. കനത്ത മഴയില്‍ പൊട്ടി വീണ വൈദ്യുത ലൈൻ ശരിയാക്കാൻ കുത്തിയൊഴുകുന്ന തോട്ടിലിറങ്ങിയാണ് കെഎസ്ഇബി ജീവനക്കാരൻ സജീഷ് ഹീറോയായത്. തോട്ടില്‍ വീണ വൈദ്യുത കമ്പി കുത്തിയൊലിക്കുന്ന വെള്ളത്തിലിറങ്ങി നീക്കം ചെയ്താണ് ലൈൻമാൻ അപകടമൊഴിവാക്കിയത്.
ഏറെ ശ്രമിച്ചിട്ടും വൈദ്യുതി കമ്പി തോട്ടില്‍ നിന്നും വരാത്തതിനെ തുടര്‍ന്ന് സജീഷ് വെള്ളത്തിലിറങ്ങുകയായിരുന്നു. തോടിന്‍റെ മധ്യഭാഗത്തായി പാറക്കെട്ടില്‍ കുടുങ്ങി കിടന്നിരുന്ന വൈദ്യുത കമ്പി വലിച്ചെടുത്ത കരയിലുള്ളവര്‍ക്ക് കൈമാറുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. കെഎസ്ഇബി ജീവനക്കാര്‍ തന്നെയാണ് ദൃശ്യങ്ങളും പകര്‍ത്തിയത്. അതിസാഹസികമായി വൈദ്യുതി കമ്പി പുറത്തേക്ക് എടുത്തശേഷം കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുത ലൈൻ ശരിയാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയായിരുന്നു.