മാന്നാർ: മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു അന്തരിച്ച ഷെഫ് നൗഷാദ്. ഷെഫിൻ്റെ കൈപ്പുണ്യം ഒന്നു വേറെ തന്നെയായിരുന്നു. ഇപ്പോഴിതാ ഷെഫിൻ്റെ പത്താംക്ളാസുകാരിയായ മകൾ നഷ്വ 2500 പേർക്ക് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി ആ രംഗത്ത് സജീവ സാന്നിദ്ധ്യമുറപ്പിച്ചിരിക്കുകയാണ്. മാതൃസഹോദരൻ ഹുസൈന്റെ സഹായത്തോടെ നൗഷാദ് കാറ്ററിംഗ് എന്നപേരിൽ കഴിഞ്ഞ ഒരുവർഷമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും നഷ്വ ഇത്രയധികം പേർക്ക് ഭക്ഷണം ഒരുക്കുന്നതിൽ നേരിട്ട് മേൽനോട്ടം വഹിക്കുന്നത് ആദ്യമാണ്. മാന്നാർ ശ്യാമശ്രീ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ബന്ധുവിന്റെ വിവാഹത്തിനായിരുന്നു ഭക്ഷണം ഒരുക്കിയത്. പിതാവിനൊപ്പമുണ്ടായിരുന്ന നാൽപ്പതോളം ജോലിക്കാർ മികച്ച പിന്തുണ നൽകി.
നൗഷാദിൻ്റെ മരണത്തോടെ തളർന്നുപോയ ഏക മകൾ നഷ്വ, പ്രതിസന്ധികളെല്ലാം തരണംചെയ്ത് പിതാവിന്റെ പാതയിൽ സജീവമാവുകയാണ്.
മാതാപിതാക്കൾ നഷ്ടപ്പെട്ട നഷ്വ ജീവിത വഴിയിൽ പകച്ചുനിൽക്കുമ്പോൾ, പിതാവ് പടുത്തുയർത്തിയ കാറ്ററിംഗ് സാമ്രാജ്യം കൈവിട്ട് പോകുന്നതാണ് കണ്ടത്. അതിനെല്ലാം പിന്തുണയുമായി മാതൃസഹോദരൻ ഹുസൈൻ ഒപ്പമുണ്ട്.തിരുവല്ല ബിലീവേഴ്‌സ് ചർച്ച് സെൻട്രൽ സ്‌കൂളിലെ പത്താംക്‌ളാസ് വിദ്യാർത്ഥിയാണ് നഷ്വ. പഠനത്തോടൊപ്പം കാറ്ററിംഗ് സർവീസും സജീവമായി മുന്നോട്ടുകൊണ്ടുപോകാനാണ് നഷ്വയുടെ തീരുമാനം.
ടെലിവിഷൻ പരിപാടികളിലും സിനിമയിലുമൊക്കെ സജീവമായിരിക്കെയാണ് നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെത്തുടർന്ന് 2021 ആഗസ്റ്റിൽ നൗഷാദ് മരിച്ചത്. അതിന് രണ്ടാഴ്ച മുമ്പായിരുന്നു ഹൃദയാഘാതത്തെ തുടർന്നുള്ള ഭാര്യ ഷീബയുടെ വേർപാട്.
പിതാവിന്റെമൊബൈൽ നമ്പരടക്കം ഉപയോഗിച്ച് മറ്റൊരു കാറ്ററിംഗ് ബിസിനസ് പടുത്തുയർത്താൻ ശ്രമിച്ചവരിൽ നിന്ന് സിമ്മും വാഹനങ്ങളും ഉൾപ്പെടെ തിരികെപ്പിടിക്കാനുള്ള നിയമപോരാട്ടത്തിലാണ് ഇപ്പോൾ നഷ്വ.