കൊച്ചി: ആലുവയിൽ പെൺകുട്ടിക്കുനേരെ ആക്രമണം ആവർത്തിച്ചത് പൊലീസ് അനാസ്ഥയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും സംസ്ഥാനത്തുടനീളം ഇതുപോലെയുള്ള അക്രമങ്ങൾ വർധിച്ചുവരികയാണെന്നും പൊലീസ് നിർവീര്യമായിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയാവുന്ന നാടായി . സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആവർത്തിച്ചിട്ടും സർക്കാർ അനാസ്ഥ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒന്നര മാസം മുമ്പ്, ആലുവയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം മേഖലയിൽ പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനോ മറ്റോ ഒരു നടപടിയും ഉണ്ടായിട്ടില്ല. അന്നത്തെ സംഭവം ഉണ്ടായതിന് ശേഷം എന്തെങ്കിലും ഒരു വ്യത്യാസം ഉണ്ടായിട്ടില്ല.
ആലുവ പാലാസിൽ മുഖ്യമന്ത്രിക്ക് ആവശ്യത്തിന് പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. തൊട്ടടുത്താണ് കുട്ടി ബലാത്സംഗത്തിന് ഇരയായതെന്നും വി ഡി സതീശൻ വിമർശിച്ചു. പൊലീസിനിഷ്ടം ഗ്രോ വാസുവിനോട് വിരോധം തീർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യമാകുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പിൽ ഒരു കോർപറേഷൻ ചെയർമാനെ മാറ്റി പുതിയ ആളെ നിയമിച്ചത് പോലെ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്ത് തമാശയാണ് കേരളത്തിൽ നടക്കുന്നതെന്നും ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നതെന്നും വി ഡി സതീശൻ ചോദിച്ചു