ദില്ലി: ആശുപത്രിയിലെ ഓക്‌സിജൻ വിതരണ പൈപ്പ് മോഷണം പോയതിനെ തുടർന്ന് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള ഓക്‌സിജൻ പ്രവാഹം തടസ്സപ്പെട്ടു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയിലാണ് സംഭവം.
ഇതേ തുടർന്ന് എൻഐസിയുവിലെ 12 ശിശുക്കൾക്ക് ശ്വാസതടസ്സം നേരിട്ടു. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്ന്. ഓക്സിജൻ വിതരണ പൈപ്പിന്റെ പ്രധാന ഭാഗമായ 10 മുതൽ 15 അടി വരെ നീളമുള്ള ചെമ്പ് ഭാഗമാണ് മോഷ്ടിച്ചത്.
ഓക്സിജൻ നിലച്ചതോടെ നവജാതശിശുക്കൾ കൂട്ടത്തോടെ കരയാൻ തുടങ്ങി. ഇതോടെ എൻഐസിയുവിന്റെ ഇൻബിൽറ്റ് അലാറം സംവിധാനം പ്രവർത്തിച്ചു. ഉടൻ തന്നെ ജംബോ ഓക്സിജൻ സിലിണ്ടർ സിസ്റ്റവുമായി ബന്ധിപ്പിച്ച് ഓക്സിജൻ വിതരണം പുനഃസ്ഥാപിച്ച് ഒരു ദുരന്തം ഒഴിവാക്കുകയായിരുന്നു. ഓക്സിജൻ വിതരണം വേഗത്തിൽ പുനഃസ്ഥാപിച്ചതായി രാജ്ഗഡ് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ കിരൺ വാഡിയ സ്ഥിരീകരിച്ചു.