കൊച്ചി: നിബന്ധനകൾ പാലിച്ചാൽ രക്തബന്ധമില്ലെങ്കിലും അടുത്ത ബന്ധമുള്ളവർക്ക് അവയവദാനം ചെയ്യുന്നതിന് തടസ്സമില്ലെന്ന് ഹൈകോടതി.The High Court said that there is no bar in donating organs to those who are closely related even if they are not related by blood if the conditions are met
അവയവ ദാനത്തിന് സന്നദ്ധത അറിയിച്ച് നൽകിയ അപേക്ഷ തിരസ്കരിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്.
ജില്ല ഓതറൈസേഷൻ സമിതിക്ക് രേഖകൾ സഹിതം നൽകിയിട്ടും അവയവ മാറ്റത്തിന് അനുമതി നിഷേധിച്ചെന്നാണ് ഹരജിയിലെ ആരോപണം.
അവയവം സ്വീകരിക്കേണ്ടവരുടെ അവസ്ഥ വളരെ ഗുരുതരമായിട്ടും അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. മുത്തച്ഛൻ, മുത്തശ്ശി, മാതാപിതാക്കൾ, മക്കൾ, പേരക്കുട്ടികൾ, സഹോദരങ്ങൾ തുടങ്ങിയവർ തമ്മിൽ മാത്രമേ അവയവദാനം പാടുള്ളൂവെന്ന് നിയമത്തിൽ വ്യവസ്ഥയുള്ളതിനാലാണ് അപേക്ഷ നിരസിച്ചതെന്നായിരുന്നു സമിതിയുടെ വിശദീകരണം.
എന്നാൽ, ഓതറൈസേഷൻ സമിതിയുടെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥയോടെ രോഗിയുമായി വൈകാരിക അടുപ്പമടക്കം ചില പ്രത്യേക ബന്ധങ്ങളുള്ളവർക്കും നിയമപ്രകാരം അവയവം ദാനം ചെയ്യാമെന്ന് കോടതി ഉത്തരവുകളുണ്ടെന്ന ഹരജിക്കാരുടെ അഭിഭാഷകൻ ടി.പി. സാജിദിന്‍റെ വാദം കോടതി അംഗീകരിച്ചു. സമിതിയുടെ മുൻകൂർ അനുമതിയില്ലാതെ അവയവം നീക്കം ചെയ്യാനാവില്ലെന്നും വ്യവസ്ഥയുണ്ട്.
ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അപേക്ഷ നിരസിച്ച ഓതറൈസേഷൻ സമിതിയുടെ ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരുടെ അപേക്ഷകൾ പുനഃപരിശോധിച്ച് 10 ദിവസത്തിനകം തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു.