സുഹൃത്തിൽ നിന്നും കടം വാങ്ങിയിട്ടില്ലെന്ന് യുവാവ് സത്യപ്രതിജ്ഞ ചെയ്തതോടെ രണ്ടുലക്ഷം ദിർഹം ( ഏകദേശം 44 ലക്ഷത്തോളം ഇന്ത്യൻ രൂപ) നൽകാനുള്ളതിൽ നിന്നും ഒഴിവാക്കി നൽകി യുവാവിനെ വെറുതെ വിട്ട് യു.എ.ഇ.യിലെ അൽ ഐൻ കോടതി.
മൂന്നു വർഷം മുൻപ് സുഹൃത്ത് തന്റെ കൈയ്യിൽ നിന്നും വാങ്ങിയ രണ്ടുലക്ഷം ദിർഹം കുടിശികയുണ്ടെന്ന് കാട്ടി യുവാവ് നൽകിയ പരാതിയാണ് ഇതോടെ തീർപ്പായത്. കടം നൽകിയതിന് തെളിവായി ഒരു സാക്ഷിയെക്കുടി കോടതിയിൽ പരാതിക്കാരൻ ഹാജരാക്കിയിരുന്നു.
എന്നാൽ വായ്പ സ്ഥിരീകരിക്കുന്നതിന് നിയമപരമായ തെളിവുകൾ ഒന്നും ഇല്ലാത്തതിനാലാണ് കോടതി കേസ് വെറുതേ വിട്ടത്. 50,000 ദിർഹത്തിന് മുകളിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് സാക്ഷി മൊഴി മാത്രം പോര നിയമപരമായ രേഖകളും വേണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു. ഇതിന് പിന്നാലെ കോടതിച്ചെലവുകൾ വാദി വഹിക്കണമെന്നും ഉത്തരവായി.









