ദൗർഭാഗ്യം ഏതൊക്കെ രീതിയിലാണ് വരിക എന്ന് നിശ്ചയമില്ല. അതിന് നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നതാണ് സത്യം. എന്നാൽ ഇവിടെ ഒരു കമ്പനി ചിന്തിച്ചത് മറ്റൊരു തരത്തിലാണ്. ഒരു പ്രത്യേക രാശിയിൽ ജനിച്ച അപേക്ഷകർക്ക് ജോലി നിഷേധിച്ചിരിക്കുകയാണ് ഈ ചൈനീസ് കമ്പനി. ഇവർ ജോലിക്ക് വന്നാൽ കമ്പനിക്ക് ദൗർഭാഗ്യം വരുമെന്ന് ഭയം മൂലമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്. (The Chinese company banned applicants born under this particular zodiac sign)
തെക്കൻ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലുള്ള സാങ്‌സിംഗ് ട്രാൻസ്‌പോർട്ടേഷൻ എന്ന കമ്പനിയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. 3,000 നും 4,000 യുവാനും (ഏകദേശം 35,140 രൂപയും 46,853 രൂപയും) പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്യുന്ന ഒരു ക്ലാർക്ക് തസ്തികയിലേക്കുള്ള സാങ്‌സിംഗ് ട്രാൻസ്‌പോർട്ടേഷൻ്റെ തൊഴിൽ പരസ്യത്തിൽ നായ ചിഹ്നത്തിൽ ( ചൈനീസ് രാശി പ്രകാരം) ജനിച്ച ആരും അപേക്ഷിക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇ നിയമന ഉത്തരവ് നിമിഷങ്ങൾക്കകം സോഷ്യൽ ഇഡിയയിൽ വൈറലായി.
ചൈനീസ് സംസ്കാരത്തിൽ അന്ധവിശ്വാസം ആഴത്തിൽ വേരൂന്നിയതാണ്. ബിസിനസ്സ് തീരുമാനങ്ങൾ പലപ്പോഴും അന്ധവിശ്വാസങ്ങളാൽ നയിക്കപ്പെടുന്ന രാജ്യമാണ് ചൈന. ഭാഗ്യ സംഖ്യകളെ അനുകൂലിക്കുന്നത് മുതൽ ചില നിറങ്ങളോ തീയതികളോ ഒഴിവാക്കുന്നത്, കോർപ്പറേറ്റ് തീരുമാനങ്ങളിൽ ഫെങ് ഷൂയി തത്വങ്ങൾ ഉൾപ്പെടുത്തുന്നത് വരെ നിരവധിക്കാര്യങ്ങൾ ചൈനയിൽ നിലവിലുണ്ട്.