ട്രഷറികളിൽ അല്ലാതെ മറ്റ് ബാങ്കുകളിൽ പണം സൂക്ഷിച്ചിരിക്കുന്ന സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കർശന നിർദേശവുമായി ചീഫ് സെക്രട്ടറി. സർക്കാർ നിർദേശത്തിന് വിരുദ്ധമായി ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന 3000 കോടി രൂപ എത്രയും വേഗം സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാൻ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നിർദേശിച്ചു.
പക്ഷെ ട്രഷറിയിൽ പണം നിക്ഷേപിച്ചാൽ അവശ്യഘട്ടത്തിൽ പിൻവലിക്കാൻ സാധിക്കില്ലെന്ന കാരണമാണ് വകുപ്പുകളെ മാറ്റി ചിന്തിപ്പിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ട്രഷറി നിയന്ത്രണം വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് മറ്റു ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത്.
കഴിഞ്ഞവർഷം ധനവകുപ്പിന്റെ നിർദേശപ്രകാരം പല സ്ഥാപനങ്ങളും പണം ട്രഷറിയിലേക്കു മാറ്റിയിരുന്നു. അനുസരിക്കാത്ത വകുപ്പുകളും സ്ഥാപനങ്ങളുമുണ്ടെന്ന വിവരത്തെ തുടർന്നാണ് ധനവകുപ്പു വിശദാംശങ്ങൾ ശേഖരിച്ചത്. ഈ കണക്കുകൾ യോഗത്തിൽ അവതരിപ്പിച്ചത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് ഐഎഎസാണ്. ട്രഷറിയിലേക്ക് പണം എത്തിയോ എന്ന് ധന സെക്രട്ടറി നിരീക്ഷിക്കും.
ബാങ്കിൽ കിടക്കുന്ന തുക ട്രഷറിയിലേക്കു മാറ്റിയാൽ ഉയർന്ന പലിശ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. വകുപ്പുകൾക്കു വരുമാനം കൂട്ടാനുള്ള ഹ്രസ്വകാല, ദീർഘകാല മാർഗങ്ങൾ സംബന്ധിച്ച് ധനസെക്രട്ടറി നിർദേശങ്ങൾ സമർപ്പിക്കണമെന്നു ചീഫ് സെക്രട്ടറി യോഗത്തിൽ ആവശ്യപ്പെട്ടു. കരാറുകാർക്ക് പണം നൽകുന്നതിനു പകരം ബിൽ ഡിസ്‌കൗണ്ടിങ് സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും നിർദേശമുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം നികുതി ഇതര വരുമാനം കുറവാണെങ്കിൽ വകുപ്പുകൾ പരിഹാര നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.