കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പോലീസ്. ജനറല്‍ ടിക്കറ്റെടുത്ത് എസി കോച്ചില്‍ കയറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ചെന്നൈ സ്വദേശിയായ ശരവണനാണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്.
ശരവണനെ ട്രെയിനില്‍ നിന്ന് തള്ളിയിടുന്നത് കണ്ടെന്ന് പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന യാത്രക്കാരി മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് കേസ് തെളിയാന്‍ നിര്‍ണായകമായത്. ട്രയിനിന്റെ കമ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന കരാര്‍ ജീവനക്കാരനായ അനില്‍കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. വര്‍ഷങ്ങളായി താമസം കക്കാട്; നാട്ടുകാരുമായി വലിയ ബന്ധമില്ല.
കണ്ണൂരിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു ശരവണന്‍. ചെന്നൈയിലേക്ക് മടങ്ങാനായി ജനറല്‍ ടിക്കറ്റാണ് എടുത്തിരുന്നത്. കോഴിക്കോട് എത്തി കൊച്ചുവേളി സ്‌പെഷല്‍ ട്രെയിനില്‍ കയറി. ജനറല്‍ ടിക്കറ്റുമായി എസി കമ്പാര്‍ട്‌മെന്റില്‍ കയറിയ ശരവണിനോട് ഇറങ്ങാന്‍ അനില്‍ കുമാര്‍ ആവശ്യപെടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ അനില്‍ കുമാര്‍ ശരവണനെ പിടിച്ചു തള്ളി. ഇതാണ് മരണ കാരണം. ശരവണന്‍ മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഇരുപത് വര്‍ഷമായി റെയില്‍വേയിലെ കരാര്‍ ജീവനക്കാരനാണ് അനില്‍കുമാര്‍. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ശരവണിന്റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
ഇന്നലെ രാത്രി 11.30ഓടെയാണ് മംഗലൂരു -കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിനിലെ എസി കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും വീണ് യുവാവ് മരിച്ചത്. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങിയ ഉടനെയായിരന്നു അപകടം. ഈ സമയം ഇയാള്‍ ഡോറിന്റെ അടുത്താണ് ഉണ്ടായിരുന്നത്. ഇതിനിടെ ഒരാള്‍ തള്ളിയിടുകയായിരുന്നുവെന്ന് സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയശേഷമാണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലായി കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചെന്നൈ ഓള്‍ഡ് പള്ളാപുരം സ്വദേശിയായ ശരവണന്‍ ആണെന്ന് വ്യക്തമായത്.
English summary: killing a young man by pushing him from the train: decisive evidence against the accused