അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം എകെജി പഠനഗവേഷണ കേന്ദ്രത്തിൽ എത്തിച്ചു. ആയിരക്കണക്കിന് പ്രവർത്തകരും അനുഭാവികളും പ്രിയ സഖാവിനെ ഒരു നോക്ക് കാണാനായി എത്തിക്കൊണ്ടിരിക്കുകയാണ്.
പൊതുദർശനത്തിന് ശേഷം രാത്രിയോടെ ഭൗതികദേഹം ബാർട്ടൻ ഹില്ലിലെ വേലിക്കകത്തെ വസതിയിലെത്തിക്കും. നാളെ രാവിലെ ഒൻപതിന് ദർബാർ ഹാളിലേക്ക് പൊതുദർശനത്തിനായി എത്തിക്കും.
ഉച്ചയോടെ ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ 9 വരെ ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനം തുടരും.
തുടർന്ന് 11 മണി വരെ സിപിഎം കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനായി എത്തിക്കും. മൂന്നുമണി വരെ ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. വൈകീട്ടോടെ ആലപ്പുഴ വലിയ ചുടുകാടിൽ അന്ത്യനിദ്ര.
നിര്യാണത്തിൽ അനുശോചിച്ച് എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റ്യാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണസ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.