ഇടുക്കി കുമളിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു. കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആറാം മൈൽ സ്വദേശി ടിനുവിന്റെയും സേവ്യറിന്റെയും ആൺകുഞ്ഞാണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
വെള്ളിയാഴ്ചയാണ് ഗർഭിണിയായിരുന്ന ടിനുവിനെ സ്കാനിങ്ങിനായി സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഗർഭപാത്രത്തിൽ കുഞ്ഞ് തിരിഞ്ഞുകിടക്കുന്നുവെന്ന് കണ്ടെത്തിയ ഡോക്ടമാർ രണ്ടു ദിവസത്തിനുശേഷം ശസ്ത്രക്രിയ ചെയ്യാൻ തീരുമാനമെടുത്തു.
അടുത്ത ദിവസം രാവിലെ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞെന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും ടിനുവിനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.
എന്നാൽ മരിച്ച നിലയിലായിരുന്നു കുഞ്ഞിനെ പുറത്തെടുത്തതെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.ഇതിന് പിന്നാലെ ഡോക്ടർമാർക്കെതിരെ കുഞ്ഞിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു. മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതർ കൃത്യമായി ബോധിപ്പിച്ചില്ലെന്നാണ് കുടുംബം പറയുന്നത്.
തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. എന്നാൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നെന്നും ആശുപത്രി അധികൃതർ പറയുന്നു.