തങ്ങൾക്ക് ഭക്ഷണം തന്ന ശേഷം ഉറങ്ങാനായി പോയ മകന്‍ മരിച്ചതറിയാതെ ആ മൃതദേഹത്തിനൊപ്പം മാതാപിതാക്കള്‍ കഴിഞ്ഞത് നാലു ദിവസം. തെലങ്കാനയിലെ നഗോളിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്.The blind parents spent four days with their son’s dead body
കെ. രമണ (60), കെ. ശാന്തകുമാരി (65) എന്നിവരാണ് മകന്റെ മൃതദേഹത്തോടൊപ്പം നാല് ദിവസത്തോളം കൊടും പട്ടിണിയിൽ താമസിച്ചത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് വിവരം നാട്ടുകാർ അറിയുന്നത്.
അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം വീട്ടില്‍ നിന്ന് പുറത്തെടുത്തത്. പൊലീസ് എത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചകളാണ് കണ്ടത്.
മകൻ മരിച്ചത് അറിയാതെ നാല് ദിവസമായി കൊടും പട്ടിണിയിൽ കഴിഞ്ഞിരുന്ന ദമ്പതികള്‍ വായില്‍ നുരയും പതയും വന്ന നിലയില്‍ അര്‍ധബോധാവസ്ഥയിലായിരുന്നു. ഇവരുടെ മകന്‍ പ്രമോദി(30)ന്റെ മൃതദേഹം അടുത്തുതന്നെ അഴുകിയ നിലയിൽ കാണപ്പെട്ടു .
നാല് ദിവസം മുമ്പാണ് പ്രമോദിന്റെ മരണമെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കള്‍ക്ക് അത്താഴം നല്‍കിയതിന് ശേഷം പ്രമോദ് ഉറങ്ങാന്‍ പോയി. ഈ ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കാഴ്ചവൈകല്യമുള്ള ഇരുവരും നാല് ദിവസമായി ഒന്നും കഴിച്ചിരുന്നില്ല. കൈകാലുകള്‍ ചലിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് ദമ്പതികളെ കുളിപ്പിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു സ്ഥലത്ത് താമസിക്കുന്ന ഇവരുടെ മൂത്ത മകന്‍ പ്രദീപിനെ വിവരം അറിയിച്ചു. മാതാപിതാക്കളുടെ സംരക്ഷണം പ്രദീപ് ഏറ്റെടുത്തു. പ്രമോദിന്റെ മൃതദേഹം ആശുപത്രിയിലേക്കും കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.