എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള നവംബർ 19 മുതൽ 21 വരെ
കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരളാ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള(കിഫ്)യുടെ എട്ടാം പതിപ്പ് നവംബർ 19, 20, 21 തീയതികളിൽ മരിയൻ കോളേജിൽ വച്ച് നടത്തപ്പെടുന്നു.
ലഹരിയോടുള്ള ജിജ്ഞാസയിൽ തുടങ്ങി അടിമത്തത്തിലേക്ക് വീഴുകയും എന്നാൽ പരാജയപ്പെട്ടുപോകാതെ വീണ്ടും ജീവിതത്തിൻ്റെ പുതു വെളിച്ചത്തിലേക്ക് നടന്നുകയറുകയും ചെയ്ത കഥാപാത്രങ്ങളുടെ വിജയഗാഥകളാണ് ‘കിഫ് – ഹോപ്പ് 2025’ അഭ്രപാളികളിലെത്തിക്കുന്നത്.
ലഹരി ഒരു സാമൂഹിക വിപത്താണെന്നും ലഹരിക്കടിമപ്പെടുന്നവരെ മാറ്റി നിർത്താതെ ശാസ്ത്രീയമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതും അവരെ ചേർത്തുപിടിക്കേണ്ടതും സമൂഹത്തിൻ്റെ കടമയാണെന്നുമുള്ള സന്ദേശം ജനങ്ങളിലേക്കെത്തികയാണ് കിഫ് ഈ വർഷം ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്.
സാമൂഹിക പ്രസക്തമായ വിഷയങ്ങളെ സിനിമയിലൂടെ അഭിസംബോധന ചെയ്യുക എന്ന കിഫിൻ്റെ പ്രാഥമിക കർത്തവ്യത്തിലൂന്നിയാണ് ഈ തവണയും മേള ഒരുക്കിയിരിക്കുന്നത്.
എല്ലാം അവസാനിച്ചുവെന്നു കരുതുന്നിടത്തു നിന്ന് പരാജയങ്ങളെ അതിജീവിച്ച് പുതിയ പ്രതീക്ഷകളിലേക്കു നീങ്ങുന്നതിനെ സൂചിപ്പിക്കുവാനായി ‘HOPE’ (Healing Obsession and Progression to Empowerment) – എന്നാണ് മേളയ്ക്ക് പേര് നൽകിയിരിക്കുന്നു.
കഴിഞ്ഞ എഴ് വർഷങ്ങളായി നടന്നു വരുന്ന കിഫ് കേരളത്തിലെ ക്യാമ്പസുകളിൽ നടത്തപെടുന്ന ചലച്ചിത്രമേളകളിൽ പ്രധാനപ്പെട്ടതാണ്.
കാലാകാലങ്ങളിൽ ഉണ്ടാകുന്ന സാമൂഹികമാറ്റങ്ങളെ സിനിമകളിലൂടെ അഭിസംബോധന ചെയ്യുന്നതിൽ മേള ഇതിനോടകം തന്നെ വിജയിച്ചിട്ടുണ്ട്.
2018ൽ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന ചിത്രങ്ങളുമായി ‘മൽഹാർ’, 2019 ൽ അധികാരത്തിന്റെ സെൻസർ കത്രികകൾക്കെതിരെ സംസാരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ ‘കത്രിക’,
2020 ൽ ചാപ്പകുത്തപ്പെടുന്ന മനുഷ്യരുടെ ജീവിതപരിവേദനങ്ങൾ അവതരിപ്പിച്ച ‘ചാപ്പ’, 2021 ൽ കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധികൾക്കു ശേഷം തീരത്തണയുന്ന ജനതയുടെ ചിത്രം വരച്ചിടുന്ന ‘തീരം’,
2022 ൽ സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ അവതരിപ്പിച്ച ‘സിര’, 2023 ൽ യുദ്ധാന്തര ജീവിതങ്ങളുടെ നേർകാഴ്ച്ചയായി മാറിയ ‘കലിംഗ’
2024 ൽ സ്ത്രീ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെയും അതിനെ അതിജീവിക്കാൻ അവർ നടത്തുന്ന തീവ്രമായ ജീവിത സമരങ്ങളെയും അടയാളപെടുത്തുന്ന ‘SHE'( Stories of Her Empowerment) എന്നിവയായിരുന്ന കിഫിന്റെ മുൻപതിപ്പുകൾ.
സംവിധായകരായ ജിയോ ബേബി, ജോണി ആൻ്റണി, ഡോ. ബിജു, ഷാഹി കബീർ, റത്തീന്ന പി.റ്റി, എഡിറ്റർ രഞ്ജൻ എബ്രാഹം, കവി വയലാർ ശരത്ചന്ദ്രവർമ്മ, ഛായാഗ്രഹകൻ സണ്ണി ജോസഫ്, അഭിനേതാക്കളായ വിൻസി അലോഷ്യസ്, ഷറഫുദ്ദീൻ തുടങ്ങിയവർ മുൻകാലങ്ങളിൽ മേളയിലെത്തുകയും ഡെലിഗേറ്റുകളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.
മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, മാസ്റ്റർ ക്ലാസ്, കലാസന്ധ്യ, എക്സിബിഷൻ തുടങ്ങിയ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.









