ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളെ ജനപ്രിയരാക്കിയവരാണ് ടാറ്റ മോട്ടോർസ്. ഇലക്ട്രിക് വാഹന വിപണിയിൽ അതിശയങ്ങൾ കാട്ടിയിട്ടുള്ള കമ്പനി ഇപ്പോൾ പുതിയ ഇവികളുടെ നിര അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിശയിപ്പിക്കുന്ന റേഞ്ചുമായിട്ടായിരിക്കും ഈ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങാൻ പോകുന്നത്. ഇവി വാങ്ങുന്നതിൽ നിന്നും ആളുകൾ പിന്നോട്ട് പോകുന്നത് റേഞ്ച് പ്രശ്നം കാരണമാണ്, ഇത് പരിഹരിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. ടാറ്റ പഞ്ച് ഇവി, ടാറ്റ ഹാരിയർ ഇവി, ടാറ്റ കർവ്വ് ഇവി എന്നിവയാണ് പുതിയതായി ഇറങ്ങുന്നത് .
യാത്ര ചെയ്യുന്നതിനിടെ വാഹനം ചാർജ് തീർന്ന് വഴിയിൽ നിന്നുപോകും എന്ന ആശങ്ക പലരെയും ഇലക്ട്രിക് വാഹനങ്ങളിൽ നിന്നും അകറ്റുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ടാറ്റ മോട്ടോഴ്സ് ഇനി വരുന്ന ഇവികൾക്ക് കൂടുതൽ റേഞ്ച് നൽകും പുതിയ ഇവികൾക്ക് കമ്പനി 500 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് റിപ്പോട്ടുകൾ. തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് വർധിപ്പിക്കാനായി ബാറ്ററികളുടെ വില കുറയുന്നത് പ്രയോജനപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും സൂചനകളുണ്ട്. ജനറേഷൻ 1 പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ജനറേഷൻ 2 പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാനും ടാറ്റ മോട്ടോഴ്സിന് പദ്ധതികളുണ്ട്. ഈ മാറ്റത്തോടെ ഒരു തവണ പൂർണ്ണമായി ചാർജ് ചെയ്താൽ ഏകദേശം 500 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന രീതിയിൽ ബാറ്ററി പാക്ക് എനർജി പരമാവധി ഉപയോഗിക്കാൻ സാധിക്കും. ഈ പുതിയ നീക്കങ്ങളുടെ ഫലം ടാറ്റയുടെ വരാനിരിക്കുന്ന ഇവി മോഡലുകളായ പഞ്ച് ഇവി, ഹാരിയർ ഇവി, കർവ്വ് എന്നിവയിൽ പ്രതിഫലിക്കുമെന്ന് കമ്പനി എംഡി അറിയിച്ചതായി കാർടോർക്ക് റിപ്പോർട്ട് ചെയ്തു. റേഞ്ചിനെ കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
ചാർജിങ്
300 മുതൽ 400 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഇലക്ട്രിക് വാഹനങ്ങൾ ടാറ്റ ധാരളമായി വിൽപ്പന നടത്തുന്നുണ്ട്. നഗരങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് ഈ റേഞ്ച് ധാരാളമാണ്. എന്നാൽ ദീർഘദൂര യാത്രകൾ നടത്തുന്ന അവസരത്തിൽ റേഞ്ച് ഒരു പ്രശ്നമായി വരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതായിരിക്കും ടാറ്റയുടെ പഞ്ച് ഇവി, ഹാരിയർ ഇവി, കർവ്വ് ഇവി എന്നീ വാഹനങ്ങൾ എന്നുവേണം കരുതാൻ. ഹൈവേകളിൽ കൂടുതൽ ചാർജിങ് സംവിധാനങ്ങൾ ലഭ്യമാക്കാനും ടാറ്റയ്ക്ക് പദ്ധതികളുണ്ട്.
Read Also : ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വമ്പൻ ഓഫറുകൾ കാത്തിരിക്കുന്നു