ആഭ്യന്തര, ആഗോള കമ്പോളത്തിനുള്ള ഐ ഫോണുകൾ ടാറ്റ നിർമിക്കും. രണ്ടര വർഷത്തിനുള്ളിൽ നിർമാണം ആരംഭിക്കുമെന്ന് കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതോടെ ടാറ്റ ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യ ഐഫോൺ നിർമാതാക്കളായി മാറും. ഇതുസംബന്ധിച്ച കരാറിൽ ഉടൻ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്
.കർണാടകയിലെ വിസ്‌ട്രോൺ കോർപറേഷൻ ഫാക്ടറി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്. നിലവിൽ ഐഫോൺ 14 മോഡൽ അസംബിൾ ചെയ്യുന്ന ഫാക്ടറിയാണിത്.10,000-ത്തിലധികം ജീവനക്കാരുള്ള ഈ ഫാക്ടറിക്ക് കണക്കാക്കുന്ന മൂല്യം 600 മില്യൻ ഡോളറിലധികമാണ്. ടാറ്റയുടെ വിസ്‌ട്രോണുമായുള്ള ഇടപാട് ഏകദേശം 60 കോടി രൂപയുടേതായിരിക്കും.ടാറ്റ ഐഫോൺ നിർമിക്കുന്നത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വലിയ തോതിൽ ഗുണകരമാകുമെന്നും വിലയിരുത്തുന്നുണ്ട്.
2024-ൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 1.8 ബില്യൻ ഡോളർ മൂല്യമുള്ള ഐഫോണുകൾ കയറ്റി അയയ്ക്കാൻ ലക്ഷ്യമിടുകയാണ് വിസ്‌ട്രോൺ കോർപറേഷൻ. 2024-ഓടെ ഫാക്ടറിയിലെ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കാനും പദ്ധതിയുണ്ട്.വിസ്‌ട്രോൺ കോർപറേഷൻ ഒരു തായ്‌വാൻ കമ്പനിയാണ്. ഈ ഫാക്ടറിയെ ടാറ്റ ഏറ്റെടുക്കുന്നതിലൂടെ വിസ്‌ട്രോണിന്റെ ഇന്ത്യയിലെ ഐഫോൺ നിർമാണപ്രവർത്തനങ്ങൾ അവസാനിക്കുകയാണ്.രാജ്യത്ത് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ സമീപ വർഷങ്ങളിൽ വിവിധ പരിപാടികളാണ് അവതരിപ്പിച്ചിരിക്കുന്നത്. മറുവശത്ത്, ആപ്പിൾ ആകട്ടെ തങ്ങളുടെ ഐഫോൺ ഉൽപ്പാദനം ചൈനയ്ക്കപ്പുറം മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുകയുമാണ്. മറ്റ് ആപ്പിൾ ഐഫോൺ വിതരണക്കാരായ ഫോക്സ്‌കോൺ ഗ്രൂപ്പും പെഗാട്രോൺ കോർപ്പറേഷനും അടുത്തിടെ ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ട്.
Read Also : ദീപാവലിക്ക് ഇതിലും മികച്ച ഓഫറില്ല ; വിപ്ലവം തീർത്ത് ഹാർലി ഡേവിഡ്സൺ ബൈക്കുകൾ