തമിഴ്നാട്ടിൽ കൊലക്കേസ് പ്രതിയെ പോലീസ് വെടിവച്ചുകൊന്നു. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊല്ലപ്പെട്ടത്. ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിലൊരാളാണ് ഇയാൾ. (Tamil Nadu murder suspect shot dead by police;)
ഞായറാഴ്ച രാവിലെ ഏഴുമണിക്ക് തെളിവെടുപ്പിന്റെ ഭാഗമായി മാധവരത്തിന് അടുത്തുള്ള സ്ഥലത്തേക്ക് തിരുവെങ്കടത്തെ എത്തിച്ചപ്പോഴായിരുന്നു സംഭവം.
പരുക്കേറ്റ ഇയാളെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2015ൽ തിരുവളളൂർ ജില്ലയിലെ ബിഎസ്‌പി പ്രസിഡന്റ് തേനരശിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മരിച്ച തിരുവെങ്കടം. ആംസ്ട്രോങ്ങിനെ കൊല്ലാനുപയോഗിച്ച ആയുധം കണ്ടെത്താനാണ് തിരുവെങ്കടത്തെ മാധവരത്ത് എത്തിച്ചത്.
തെളിവെടുപ്പിനിടെ എസ്ഐമാരിൽ ഒരാളെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു.