ദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. ന്യൂഡൽഹി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂർ റാണയുമായുള്ള വിമാനം ലാൻഡ് ചെയ്തത്.
കനത്ത സുരക്ഷയിൽ എൻഐഎ ആസ്ഥാനത്തേക്ക് ഉടൻ എത്തിക്കും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തീഹാർ ജയിലിലേക്ക് തഹാവൂർ റാണയെ മാറ്റുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
റാണയെ ന്യൂഡൽഹിയിൽ എത്തിച്ചത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എൻഐഎ നൽകിയിട്ടില്ല. അൽപ്പസമയം മുമ്പാണ് പാലം വിമാനത്താവളത്തിൽ നിന്ന് തഹാവൂർ റാണയുമായുള്ള വാഹനം പുറത്തേക്ക് ഇറങ്ങിയത്.
എൻഐഎ ആസ്ഥാനത്തേക്കായിരിക്കും റാണയെ ആദ്യം എത്തിക്കുക. എന്നാൽ മറ്റു രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും വ്യക്തമല്ല.
തഹാവൂർ റാണയെ ദില്ലയിൽ എത്തിക്കുന്നതിൻറെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി പൊലീസിൻറെ പ്രത്യേക സംഘത്തിൻറെ അകമ്പടിയോടെയാണ് റാണയെ എത്തിക്കുന്നത്.
റാണയെ കൊണ്ടുവരുന്ന റൂട്ടുകളിൽ അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. എൻഐഎ ആസ്ഥാനത്ത് എത്തിച്ചശേഷം ഡിജിയടക്കം 12 ഉദ്യോഗസ്ഥരുടെ സംഘമായിരിക്കും റാണയെ ചോദ്യം ചെയ്യുക.
അതേസമയം, റാണയെ ഇന്ത്യയിലെത്തിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണത്തിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുമാറിയിട്ടുണ്ട്. തഹാവൂർ റാണ കനേഡിയൻ പൗരനാണെന്ന് പറഞ്ഞുകൊണ്ടാണ് പാക് വിദേശകാര്യ വക്താവ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയത്.