സാൻഫ്രാൻസിസ്കോ: പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചു.(Tabla maestro Ustad Zakir Hussain passes away)
ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സാക്കിര്‍ ഹുസൈന്റെ സഹോദരി ഭര്‍ത്താവ് അയുബ് ഔലിയയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. തബലയെ ലോകപ്രശസ്‌തിയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സാക്കിർ ഹുസൈൻ.
മുംബൈ മാഹിമിൽ 1951 ലാണ് സാക്കിർ ഹുസൈന്റെ ജനനം. മൂന്നാം വയസ്സ് മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചു തുടങ്ങിയ അദ്ദേഹം പന്ത്രണ്ടാമത്തെ വയസ്സിൽ ബോംബെ പ്രസ് ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്‌താദ് അലി അക്‌ബര്‍ ഖാനൊടോപ്പം തന്നെ സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്തേക്ക് ചുവടുവെച്ചു.
പന്ത്രണ്ടാം വയസ്സിൽ തന്നെ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍ മഹാനായ സിത്താര്‍ വാദകന്‍ ഉസ്‌താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാൻ, ശഹനായി ചക്രവര്‍ത്തി ബിസ്‌മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചിട്ടുണ്ട് അദ്ദേഹം.
മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്. പ്രശസ്‌ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവരാണ് മക്കൾ.