കൊച്ചി: കൊച്ചിയിൽ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കട്ടിപ്പാറ കാരുണ്യതീരം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരു മടക്കം 60-ഓളം പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. മറൈൻ ഡ്രൈവിൽ ബോട്ട് യാത്ര നടത്തിയിരുന്നു. യാത്രക്കിടെ ബോട്ടിൽ നിന്നാണ് 90 പേരടങ്ങുന്ന സംഘം ഉച്ചഭക്ഷണം കഴിച്ചത്. ചോറും കറികളുമാണ് കഴിച്ചത്.
മധുരമുള്ള മോര് കറി കഴിച്ച കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടമായതെന്ന് സ്കൂളിന്റെ ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു. ആഹാരം കഴിച്ച ശേഷം ലുലുമാളിലേക്കാണ് സംഘം പോയത്.
ഇതിനിടയിൽ തന്നെ കുട്ടികൾക്കും ജീവനക്കാർക്കും വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. 60-ഓളം പേർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.