സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ അന്വേഷണം ശക്തമാക്കി
ഡൽഹി: വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാരോപിച്ച് അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഇയാൾ ചുമതല വഹിച്ചു വന്നിരുന്ന ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് കേന്ദ്രത്തിലാണ് ഉദ്യോഗസ്ഥർ വീണ്ടും തെളിവെടുപ്പ് നടത്തിയത്.
സ്ഥാപനത്തിൽ നിന്ന് സിഡികളും വ്യാജ ചിത്രങ്ങളും
സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നിരവധി സിഡികൾ പിടികൂടി. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയോടും ഒപ്പം നിൽക്കുന്ന വ്യാജ ഫോട്ടോകളും അന്വേഷണ സംഘം കണ്ടെത്തി.
ചൈതന്യാനന്ദയോടൊപ്പം അറസ്റ്റിലായ രണ്ടു വനിതാ കൂട്ടാളികളെയും സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവർ മുൻപ് ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ്.
ഒളിവിലും പിടിയിലുമൊക്കെ
ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് കഴിഞ്ഞ ദിവസം ആഗ്രയിൽ നിന്ന് ചൈതന്യാനന്ദയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ഭാഗേശ്വർ, അൽമോറ പ്രദേശങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി.
നിലവിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.
അന്വേഷണത്തിൽ ആശ്രമത്തിലെ വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി യുവതികളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഇയാളുടെ ഫോണിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.
17 വിദ്യാർത്ഥിനികളുടെ മൊഴി
2009-2010 കാലഘട്ടത്തിലാണ് ചൈതന്യാനന്ദ ഡൽഹിയിലെ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ആയത്.
ഇവിടെ മാനേജ്മെന്റ് പി.ജി. ഡിപ്ലോമ കോഴ്സിന് പഠിച്ചിരുന്ന 17 വിദ്യാർത്ഥിനികളാണ് ഇയാൾക്കെതിരെ ലൈംഗികാതിക്രമം നടന്നതായി മൊഴി നൽകിയത്.
രാത്രികാലങ്ങളിൽ വിദ്യാർത്ഥിനികളെ തന്റെ മുറിയിലേക്ക് വിളിച്ചു വരുത്തൽ, വിദേശ യാത്രകൾക്ക് നിർബന്ധിക്കൽ, ഹോസ്റ്റലിൽ രഹസ്യ കാമറകൾ സ്ഥാപിക്കൽ എന്നിവയും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വനിതാ ഹോസ്റ്റലിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ മൊബൈൽ വഴി നിരീക്ഷിച്ചിരുന്നതും അന്വേഷണത്തിൽ വ്യക്തമായി.
കൂട്ടാളികളുടെ പങ്ക്
ഇയാളുടെ വാട്സാപ്പ് മെസേജുകൾ പെൺകുട്ടികളുടെ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ സഹായിച്ച രണ്ട് വനിതാ കൂട്ടാളികളെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചാറ്റുകൾ പുറത്ത്
അതേസമയം, ചൈതന്യാനന്ദ വിദ്യാർത്ഥിനികളുമായി നടത്തിയ ചാറ്റുകൾ പുറത്ത് വന്നത് അന്വേഷണത്തെ കൂടുതൽ വിവാദത്തിലാക്കി.
ഒരു സംഭാഷണത്തിൽ, “ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണം, നിനക്ക് സുഹൃത്തുക്കളിൽ ആരെയെങ്കിലും പരിചയപ്പെടുത്താമോ?” എന്ന് ചോദിക്കുന്നുണ്ട്.
‘സ്വീറ്റി ബേബി, ഡോട്ടർ ഡോൾ’ പോലുള്ള പ്രണയാത്മകവും അസഭ്യവുമായ വിളിപ്പേരുകൾ പലപ്പോഴും ഉപയോഗിച്ചതായി തെളിവുകളിൽ കാണുന്നു.
രാത്രി വൈകിയും പുലർച്ചെ സമയങ്ങളിലും അയച്ച സന്ദേശങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്:
“ബേബി, നീ എവിടെയാണ്?”
“ഗുഡ് മോർണിംഗ് ബേബി”
“എന്റെ പ്രിയപ്പെട്ട ഡോട്ടറിന് ഗുഡ്നൈറ്റ്”
ഒരു ചാറ്റിൽ “നീ എന്നോടൊപ്പം ഉറങ്ങില്ലേ?” എന്നായിരുന്നു ചൈതന്യാനന്ദയുടെ ചോദ്യം.
മറ്റൊന്നിൽ ഡിസ്കോ ഡാൻസ് ചെയ്യുന്നതിനെക്കുറിച്ച് പരാമർശിക്കുകയും വിദ്യാർത്ഥിനിയെ തന്റെ കൂടെ ചേരാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് ചോദിക്കുകയും ചെയ്തിട്ടുണ്ട്.
അന്വേഷണം തുടരുന്നു
പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ പ്രകാരം, ആശ്രമത്തിലും വിദ്യാഭ്യാസ സ്ഥാപനത്തിലും പഠിച്ചിരുന്ന നിരവധി പെൺകുട്ടികളെ ഇയാൾ ചൂഷണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കേസ് കൂടുതൽ വിവരശേഖരണ ഘട്ടത്തിലാണ്.
English Summary :
Swami Chaitanyananda Saraswati, arrested in Delhi for sexual assault, faces major revelations. Police seize CDs, fake photos, and expose chats with students. 17 girls accuse him of harassment at Sharda Institute.