ന്യൂഡല്‍ഹി: ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സന്ദീപ് ചെയ്ത കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ നേരത്തെ സന്ദീപ് നല്‍കിയ വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.(Supreme Court rejects bail plea of accused Sandeep in Dr. Vandana Das murder case)
സാധാരണ ജാമ്യത്തിന്റെ കാര്യത്തില്‍ ഉദാര സമീപനമാണ് സാധാരണ കോടതി സ്വീകരിക്കാറുള്ളത്. എന്നാല്‍ ഈ കേസില്‍ അതിന് കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തനിക്ക് മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്ന് സന്ദീപ് കോടതിയില്‍ വാദിച്ചിരുന്നു. ഇതേ തുടർന്ന് സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതനുസരിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
എന്നാൽ സന്ദീപിന്റെ മാനസിക നിലയില്‍ യാതൊരു തകരാറുമില്ലെന്നും, മദ്യലഹരിയില്‍ നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇയാള്‍ക്ക് ഉത്തമ ബോധ്യം ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സന്ദീപ് മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കിയിരുന്ന ആളാണെന്നും, പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.