ന്യൂഡൽഹി: മുസ്ലീം മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ സുപ്രീംകോടതിയുടെ ഇടപെടൽ. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംഭവത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ.
ജഡ്ജിയുടെ വിവാദ പ്രസംഗം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി റിപ്പോർട്ട് തേടിയതായാണ് റിപ്പോർട്ട്. വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ശേഖർ കുമാർ യാദവ് വിവാദ പരാമർശങ്ങൾ നടത്തിയത്.
കഴിഞ്ഞ ഞയറാഴ്ച്ചയാണ് ഹൈക്കോടതി ജഡ്ജി വിവാദ പ്രസംഗം നടത്തിയത്. ഏക സിവിൽ കോഡിനെ പിന്തുണച്ച് നടത്തിയ പ്രസംഗത്തിലാണ് ജസ്റ്റിസ് യാദവിന്റെ വിവാദ പരാമർശം.
ഇത് ഹിന്ദുസ്ഥാനാണെന്നും ഭൂരിപക്ഷസമുദായത്തിന്റെ ആഗ്രഹപ്രകാരമാണ് ഇന്ത്യ പ്രവർത്തിക്കുകയെന്നുമാണ് ജസ്റ്റിസ് യാദവ് വേദിയിൽ പറഞ്ഞത്. കുടുംബമായാലും സമൂഹമായാലും ഭൂരിപക്ഷത്തിന്റെ ആഗ്രഹമാണ് പരിഗണിക്കേണ്ടതെന്നുപറഞ്ഞ ജസ്റ്റിസ് യാദവ്, മുസ്‌ലിങ്ങൾക്കെതിരേ ചിലർ വളരെ മോശമായി ഉപയോഗിക്കാറുള്ള പദപ്രയോഗവും നടത്തിയെന്നാണ് ആക്ഷേപം.
മുസ്‌ലിങ്ങൾ രാജ്യത്തിന് അപകടകരമാണ്, അവർ രാജ്യത്തിന് എതിരാണ്, രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണ്, അവരെ കരുതിയിരിക്കണം തുടങ്ങിയ പരാമർശങ്ങളും ജസ്റ്റിസ് യാദവ് നടത്തി. ഒരു സമുദായം അവരുടെ കുട്ടികളെ കരുണയുടെയും അഹിംസയുടെയും മൂല്യങ്ങൾ പഠിപ്പിച്ച് അവരെ ക്ഷമാശീലമുള്ളവരാക്കി വളർത്തുന്നു. എന്നാൽ, മൃഗങ്ങളെ കശാപ്പുചെയ്യുന്നത് കാണുന്ന മറ്റൊരു സമുദായത്തിലെ കുട്ടികളിൽനിന്ന് ഇത് പ്രതീക്ഷിക്കാനാവില്ലെന്നും പറഞ്ഞ അദ്ദേഹം, അധികം വൈകാതെ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാവുമെന്നും പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്നും എതിർപ്പുകൾ ശക്തമായി. ജസ്റ്റിസ് യാദവിനെതിരേ ആഭ്യന്തരതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് എന്ന സംഘടനയ്ക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിട്ടുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ജനങ്ങളിൽ സംശയമുണ്ടാക്കുന്ന നടപടിയാണ് ജസ്റ്റിസ് യാദവിൽനിന്നുണ്ടായതെന്നാണ് വിമർശനം. ഇക്കാര്യത്തിൽ ശക്തമായ നടപടി ആവശ്യമാണെന്നും കത്തിൽ ആവശ്യപ്പെട്ടു.