ഡിജിറ്റൽ അറസ്റ്റിൻ്റെ നേരറിയാൻ സി.ബി.ഐ; ഉത്തരവിട്ട് സുപ്രീംകോടതി; ബാങ്കുകളുടെ പങ്കും അന്വേഷിക്കും
ന്യൂഡൽഹി: രാജ്യത്ത് മുതിർന്ന പൗരന്മാരുൾപ്പെടെ ആയിരക്കണക്കിന് ആളുകളെ ഇരകളാക്കി 3,000 കോടി രൂപയ്ക്കുമുകളിൽ തട്ടിയെടുത്ത ‘ഡിജിറ്റൽ അറസ്റ്റ്’ ഗ്യാങിനെ അന്വേഷിക്കാൻ സി.ബി.ഐയെ നിയോഗിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.
തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ധനകാര്യസ്ഥാപനങ്ങളുടെ സഹായമുണ്ടോയെന്നതും അന്വേഷിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
അന്വേഷണം നടത്തുന്നതിൽ സി.ബി.ഐയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകണമെന്നും, രാജ്യാന്തര ബന്ധങ്ങൾ പരിശോധിക്കാൻ ഇന്റർപോളിന്റെ സഹായവും തേടാമെന്നും കോടതി വ്യക്തമാക്കി.
കേസിനോട് ബന്ധപ്പെട്ട നിലപാടുകൾ അറിയിക്കുന്നതിനായി റിസർവ് ബാങ്കിനെ കക്ഷിചേർത്തു.
ദുരൂഹതയുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാൻ കൃത്രിമബുദ്ധി (AI) ഉപയോഗിക്കാനാകുമോയെന്ന് റിസർവ് ബാങ്ക് വിലയിരുത്തി കോടതിയെ അറിയിക്കണം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമുണ്ടെന്ന് കോടതി വിലയിരുത്തി.
മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേരിലുള്ള വ്യാജ സുപ്രീംകോടതി ഉത്തരവ് കാട്ടി, ഹരിയാനയിലെ അംബാലയിൽ 73 കാരിയിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത കേസിലാണ് സുപ്രീംകോടതി സ്വമേധയാ ഇടപെട്ടത്.
വഞ്ചനയ്ക്ക് ഇരയായ മുതിർന്ന പൗരത്തി നേരിട്ട് സുപ്രീംകോടതിക്ക് കത്തെഴുതിയിരുന്നു.
നിക്ഷേപ തട്ടിപ്പുകളും പാർട്ട്-ടൈം ജോലിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും അന്വേഷിക്കണമെന്ന അഭ്യർത്ഥന പരിഗണിച്ചെങ്കിലും, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനാണ് ആദ്യം മുൻഗണന നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. തുടർന്ന് മറ്റ് തട്ടിപ്പുകളും പരിശോധിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനങ്ങൾ അന്വേഷണം അനുവദിക്കണം
പശ്ചിമബംഗാൾ, പഞ്ചാബ്, തമിഴ്നാട് എന്നിവൾ ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ സി.ബി.ഐ അന്വേഷണം വിലക്കി നിൽക്കുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ അറസ്റ്റ് കേസിൽ അന്വേഷണത്തിന് പ്രത്യേകാനുമതി നൽകണം എന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.
ഏജൻസികൾ സഹകരിക്കേണ്ട നിർദ്ദേശങ്ങൾ
1. ഐ.ടി നിയമപ്രകാരം രൂപീകരിച്ച ഏജൻസികൾ സി.ബി.ഐയെ അന്വേഷണത്തിൽ സഹകരിക്കണം.
2. സിം കാർഡ് ദുരുപയോഗം തടയുന്നതിനുള്ള നടപടികളെക്കുറിച്ച് ടെലികോം വകുപ്പ് കോടതിയെ അറിയിക്കണം.
3. സംസ്ഥാനങ്ങൾ സൈബർക്രൈം സെന്ററുകൾ അതിവേഗം സ്ഥാപിക്കണം; താമസം ഉണ്ടെങ്കിൽ കോടതിയെ അറിയിക്കണം.
English Summary
The Supreme Court has ordered the CBI to investigate the nationwide “digital arrest” scam that defrauded citizens—particularly senior citizens—of over ₹3,000 crore. The court asked the agency to probe whether banks facilitated the opening of accounts used by fraudsters and permitted full operational freedom, including seeking Interpol assistance due to the scam’s international links. The Reserve Bank has been made a party to the case and must report whether AI can be used to freeze suspicious accounts. The order came after a 73-year-old woman from Ambala lost ₹1 crore to scammers who used a fake Supreme Court order. States that have restricted CBI jurisdiction must allow investigation in this case. The court also directed IT-rule-based agencies, the telecom department, and state cybercrime units to cooperate.
supreme-court-cbi-probe-digital-arrest-scam
Supreme Court, CBI, Digital Arrest Scam, Cyber Crime, India, RBI, Interpol, Telecom, Fraud Investigation









