ഹരിപ്പാട്: ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാർഡിൽ ആറ്റുമാലിൽ പള്ളിക്ക് സമീപം വാഴച്ചിറയിൽ സുബാഷ്-ശ്രീജാ ദമ്പതികളുടെ വീടാണ് ഇന്ന് രാവിലെ പത്ത് മണിയോടെ പൂർണ്ണമായും കത്തി നശിച്ചത്.
അലുമിനിയം ഷീറ്റ് ഉപയോഗിച്ച് തീർത്ത വീടാണ് അഗ്നിക്കിരയായത്. ചൂട് കൂടിയതിനെ തുടർന്ന് ഗ്യാസ് സിലണ്ടർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ പിടുത്തം ഉണ്ടാവുകയുമായിരുന്നു.
ഉടൻ തന്നെ അഗ്നിശമന സേനയുടെ 4 യൂണിറ്റുകൾ സ്ഥലത്തെത്തിയെങ്കിലും മുഴുവൻ ഗൃഹോപകരണങ്ങളും സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും കത്തി നശിച്ചു. പെയിന്റിങ് തൊഴിലാളിയായ സുഭാഷ് ജോലിക്ക് പോയിരുന്നു.
ഭാര്യ ശ്രീജ കുട്ടികളെ സ്കൂളിൽ വിട്ടതിനുശേഷം ഹരിപ്പാട്ട് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കും പോയി. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.