ശരീരത്തിന്റെ ആരോഗ്യത്തില്‍ പരമപ്രധാനമാണു കരളിന്റെ ആരോഗ്യം. ശരീരത്തിനുള്ളിലെത്തുന്ന മാലിന്യങ്ങളെയും മറ്റു വസ്തുക്കളെയുമെല്ലാം സംസ്‌കരിച്ചു ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ കരളിന്റെ പങ്ക് പ്രധാനമാണ്. കരള്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശരീരത്തില്‍ ദോഷകരമായ പദാര്‍ഥങ്ങള്‍ അടിഞ്ഞു കൂടുകയും മറ്റു പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍ എന്നിവ കരളിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്. കരളില്‍ കൊഴുപ്പടിയുന്ന രോഗമാണു ഫാറ്റി ലിവര്‍. ഇതു രണ്ടു തരമുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. പൊതുവേ അമിത വണ്ണം, പ്രമേഹം എന്നിവയുള്ളവരിലുണ്ടാകുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍.
അമിത മദ്യപാനം മൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും ഇതുമൂലം പ്രതിരോധ വ്യവസ്ഥ താളം തെറ്റുകയും ചെയ്യും. മദ്യപാനം മൂലമുള്ള കരള്‍ രോഗത്തിന്റെ ആദ്യ ഘട്ടമാണ് ഫാറ്റി ലിവര്‍. ഇതു പിന്നീട് ലിവര്‍ സിറോസിസ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്കു നയിക്കും. വര്‍ഷങ്ങളോളം ഒരു ലക്ഷണവും പ്രകടിപ്പിക്കില്ല എന്നതിനാല്‍ രോഗാവസ്ഥ തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും കാര്യമായി ശ്രദ്ധിക്കാത്തവര്‍ക്കു ഫാറ്റിലിവറിനുള്ള സാധ്യതയേറെയാണ്. രാജ്യത്ത് 50% പേര്‍ക്കു നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഉണ്ടെന്നാണു കണക്ക്. പ്രധാന ലക്ഷണങ്ങള്‍: ക്ഷീണം, ബലഹീനത, ശരീര ഭാരം കുറയുക, ഓര്‍മക്കുറവ്, ഛര്‍ദി, വയറിലെ മുകള്‍ഭാഗത്തെയും അടിവയറ്റിലെയും വേദന, ചര്‍മത്തിലോ കണ്ണുകളിലോ മഞ്ഞ നിറം, ചര്‍മത്തിലെ ചൊറിച്ചില്‍, കാല്‍പാദത്തിലെ നീര്.
ശരിയായ ഭക്ഷണ ക്രമീകരണവും വ്യായാമവുമാണു ഫാറ്റി ലിവറിനെ പ്രതിരോധിക്കാനുള്ള ആദ്യ വഴി. രോഗ ലക്ഷണങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ ജീവിത ശൈലി മെച്ചപ്പെടുത്തി രോഗത്തെ ചെറുത്തു നില്‍ക്കാന്‍ സാധിക്കും. നേരത്തേ ലിവര്‍ ബയോപ്‌സി ഉള്‍പ്പെടെയുള്ള ലബോറട്ടറി പരിശോധനയിലൂടെയാണു ഫാറ്റിലിവര്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ്, ഫൈബ്രോസ്‌കാന്‍ എന്നിവ വഴി ഫാറ്റിലിവര്‍ എളുപ്പം കണ്ടെത്താനാകും. കരളിന്റെ കടുപ്പവും കൊഴുപ്പിന്റെ അംശവും കണ്ടെത്തുകയാണ് ഈ പരിശോധനകളിലൂടെ ചെയ്യുന്നത്.