ഉത്തർപ്രദേശിലെ സർവകലാശാലയിൽ പരീക്ഷയ്ക്ക് ഉത്തരങ്ങൾക്കു പകരം ജയ് ശ്രീറാം എന്ന് എഴുതിയതിന് വിദ്യാർഥികൾക്ക് പാസ് മാർക്ക് നൽകി അധ്യാപകർ. വി.ബി.എസ്.പി സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന ദിവ്യാൻഷു സിങ് എന്ന യുവാവിന്റെ വിവരാവകാശ അപേക്ഷയിലാണു പരീക്ഷാതട്ടിപ്പ് വെളിച്ചത്തായത്. ഉത്തർപ്രദേശിലെ സർക്കാർ സർവകലാശാലയായ ജോൻപൂരിലെ വീർ ബഹദൂർ സിങ് പൂർവാഞ്ചൽ യൂനിവേഴ്‌സിറ്റി(വി.ബി.എസ്.പി.യു) ആണു സംഭവം. വിദ്യാർഥികളുടെ പരാതിയിൽ രണ്ട് അധ്യാപകരെ സർവകലാശാലാ അധികൃതർ സസ്‌പെൻഡ് ചെയ്തു. ഉത്തരക്കടലാസിൽ അറിയാത്ത ഉത്തരത്തിനു നേരെ ജയ് ശ്രീറാം എന്ന് എഴുതിയ വിദ്യാർഥികളെയാണ് പാസ് മാർക്ക് നൽകി വിജയിപ്പിച്ചിരിക്കുന്നത്. ഉത്തരക്കടലാസിൽ രോഹിത് ശർമ, വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതി നിറച്ചവർക്കും പാസ് മാർക്ക് ലഭിച്ചിട്ടുണ്ട്.
അധ്യാപകരായ വിനയ് വർമ, ആശിഷ് ഗുപ്ത എന്നിവർ കോഴ വാങ്ങി വിദ്യാർഥികൾക്കു പാസ് മാർക്ക് നൽകിയെന്ന് ദിവ്യാൻഷു ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലത്തോടൊപ്പം സർവകലാശാലയ്ക്കും സംസ്ഥാന ഗവർണർക്കും പരാതി നൽകുകയും ചെയ്തു.50 ശതമാനത്തിലേറെ മാർക്ക് നൽകിയാണ് എല്ലാവരെയും വിജയിപ്പിച്ചിരിക്കുന്നതെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2023ലെ ഫാർമസി ബിരുദ ബാച്ചിലെ ആദ്യ വർഷ ബിരുദ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിവ്യാൻഷു അപേക്ഷ നൽകിയത്. 18 വിദ്യാർഥികളുടെ റോൾ നമ്പറുകൾ ഉൾപ്പെടെ നൽകി നൽകിയ അപേക്ഷയിന്മേൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.