തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലയിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് നാലു ജില്ലകളിൽ പാൽ വിതരണം തടസപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് വിതരണം തടസ്സപ്പെട്ടത്.
ഇന്ന് രാവിലെ ആറുമണി മുതലാണ് സമരം ആരംഭിച്ചത്. അതേസമയം ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുമെന്നാണ് വിവരം. ഇന്ന് മിൽമ ചെയർമാനുമായി സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ ചർച്ച തീരുമാനിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.
ഐഎൻടിയുസിയും സിഐ.ടിയുവും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
കേരള സഹകരണ സംഘം നിയമങ്ങൾ അട്ടിമറിച്ചാണ് ഈ നിയമനം എന്നാണ് ജീവനക്കാരുടെ ആരോപണം. അതേസമയം, മന്ത്രി തലത്തിൽ സമരക്കാരുമായി ഉടൻ ചർച്ചയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.
എന്നാൽ വിരമിച്ച എംഡിയെ തന്നെ കൊണ്ട് വരണം എന്നത് ബോർഡിന്‍റെ തീരുമാനമാണെന്നും സർക്കാരോ വകുപ്പോ അതിൽ ഇടപെട്ടിട്ടില്ലെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മിൽമ അവശ്യ സർവീസാണ്. അവശ്യ സേവനങ്ങളിൽ പണിമുടക്ക് പ്രഖ്യാപിക്കരുത് എന്നത് സർക്കാർ തന്നെ പറഞ്ഞിട്ടുള്ളതാണ് എന്നും മന്ത്രി വ്യക്തമാക്കി.
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഇടപെടാമെന്ന് പറഞ്ഞിട്ടുണ്ട്. നഷ്ടം സമരക്കാരിൽ നിന്ന് തന്നെ ഈടാക്കേണ്ടി വരും. നല്ല രീതിയിൽ മിൽമയെ മുന്നോട്ടുകൊണ്ടു പോയ എംഡിയാണ്. അതുകൊണ്ട് നിയമന വിഷയത്തിൽ ആർക്കും എതിർപ്പുണ്ടായില്ലെന്നും മന്ത്രി ചിഞ്ചുറാണി കൂട്ടിച്ചേർത്തു.