തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സ്പെഷ്യല്‍ ടീം രൂപീകരിക്കുമെന്ന് ഡിജിപിയായി ചുമതലയേറ്റ ഷേഖ് ദര്‍വേഷ് സാഹിബ്. റേഞ്ച് അടിസ്ഥാനത്തിലായിരിക്കും സ്പെഷ്യല്‍ ടീമിനെ രൂപീകരിക്കുക. ലഹരിക്കേസുകളിലെ പരിശോധനാ ഫലം വേഗത്തിലാക്കുമെന്നും ഡിജിപി അറിയിച്ചു. ചുമതലയേറ്റതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി.
ഗുണ്ടാ ആക്രമണം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കും. സൈബര്‍ കുറ്റകൃത്യങ്ങളെ ഗൗരവമായി നേരിടുമെന്നും ഡിജിപി പറഞ്ഞു. പൊലീസ് സേനയില്‍ അച്ചടക്ക ലംഘനം അനുവദിക്കില്ല. പൊലീസ് സേന പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുമെന്നും ഷേഖ് ദര്‍വേഷ് സാഹിബ് വ്യക്തമാക്കി.
മുന്‍ ഡിജിപി അനില്‍ കാന്തിന്റെ കാലാവധി അവസാനിച്ചതോടെയാണ് പുതിയ ഡിജിപിയായി ഷേഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റത്. ആന്ധ്രപ്രദേശ് സ്വദേശിയാണ് ഇദ്ദേഹം. 1990 ബാച്ചിലെ ഐപിഎസ് ഓഫീസറായ ദര്‍വേഷ് സാഹിബ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാ?ഗം ഡയറക്ടര്‍ ജനറലായും ജോലി ചെയ്തിട്ടുണ്ട്. വയനാട്, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എസ്പിയായും എംഎസ്പി, കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാന്‍ഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.